‘ആ സന്തോഷമില്ലായ്മ നമുക്കും ഉണ്ട്’; ‘ജയ്ലർ 2’-ൽ മോഹൻലാലിന്റെ സീനുകൾ വെട്ടിപ്പോയതിൽ ആന്റണി പെരുമ്പാവൂർ

രജനീകാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനംചെയ്ത 'ജയ്ലർ 2' ബ്ലോക്ബസ്റ്റർ തേരോട്ടം തുടരുകയാണ്. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ചിത്രത്തിൽ പ്രധാന അതിഥിവേഷത്തിലുണ്ടായിരുന്നു. എന്നാൽ, ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ മോഹൻലാൽ ആരാധകർ കടുത്ത അമർഷത്തിലായിരുന്നു. ചിത്രത്തിൽ മോഹൻലാലിന് പ്രാധാന്യം കുറഞ്ഞുപോയെന്നായിരുന്നു ആരാധകരുടെ പരാതി. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് മോഹൻലാലിന്റെ സന്തതസഹചാരിയും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ.
മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് വെള്ളിയാഴ്ച കൊച്ചിയിൽ നടന്നിരുന്നു. ഇതിനിടെ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി, മോഹൻലാലിന്റെ ഭാഗം കുറഞ്ഞുപോയതിൽ ആന്റണി പെരുമ്പാവൂരും നീരസം പങ്കുവെച്ചു.
'നമ്മൾ മലയാളികൾക്ക് സന്തോഷമല്ലല്ലോ? ആ സന്തോഷമില്ലായ്മ നമുക്കുമുണ്ട്', എന്നായിരുന്നു ചോദ്യത്തിന് ആന്റണി പെരുമ്പാവൂരിന്റെ മറുപടി. ആന്റണിയുടെ മകനും നടനും നിർമാതാവുമായ ആശിഷ് ജോ ആന്റണിയും സമാന പ്രതികരണം നടത്തി. 'ലാലേട്ടന്റെ സീൻ ഇല്ലാത്തതിന്റെ വിഷമം എനിക്കുമുണ്ടായിരുന്നു. ഫാൻ എന്ന നിലയിൽ ഞാനും വളരെ വിഷമത്തിലാണ്', ആശിഷിന്റെ വാക്കുകൾ.
രണ്ടാഴ്ച മുമ്പ് തിയേറ്ററിലെത്തിയ ചിത്രം കളക്ഷനിൽ 765 കോടി പിന്നിട്ടുകഴിഞ്ഞു. മാത്യു എന്ന വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തിയത്. ഒന്നാംഭാഗത്തിലെ മോഹൻലാലിന്റെ അതിഥി വേഷത്തിന് വൻസ്വീകരണമാണ് ലഭിച്ചത്. ഇതോടെ രണ്ടാംഭാഗത്തിൽ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ.
മോഹൻലാലിനായി ചിത്രത്തിൽ താൻ അഞ്ച് വ്യത്യസ്ത ലുക്കുകൾ ഡിസൈൻ ചെയ്തിരുന്നുവെന്ന് സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദ്ദീൻ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഭാഗങ്ങൾ വെട്ടിപ്പോയതിൽ ജിഷാദ് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇനി 'ജയിലർ' സീക്വലുകളോട് താൻ സഹകരിക്കില്ലെന്ന് ജിഷാദ് വ്യക്തമാക്കിയിരുന്നു.
Content Highlights: Producer Antony Perumbavoor expressed disappointment over reduced screen time for Mohanlal in 'Jailer 2'. Antony's son, Ashish Joe Antony, also shared his frustration as a fan regarding the trimmed scenes. The comments were made during the launch ceremony of Mohanlal's upcoming film directed by Anoop Sathyan. Stylist Jishad Shamsudeen had previously voiced anger over cut looks designed specifically for Mohanlal's character Mathew. Despite fan dissatisfaction over Mohanlal's screen space, 'Jailer 2' crossed ₹765 crore in worldwide box office collections.