'അനാവശ്യ കാര്യങ്ങളെ കുറിച്ചല്ല, സിനിമയെ കുറിച്ച് സംസാരിക്കൂ'; ഗൗരി കിഷന് പിന്തുണയുമായി അഞ്ജു കുര്യന്‍

ബോഡി ഷെയ്മിങ് വിവാദത്തില്‍ നടി ഗൗരി ജി. കിഷന് പിന്തുണയുമായി നടി അഞ്ജു കുര്യന്‍. അനാവശ്യ കാര്യങ്ങളെ കുറിച്ച് സംസാരിക്കാതെ സിനിമയെ കുറിച്ച് സംസാരിക്കണമെന്നും ഉത്തരവാദിത്തത്തോടെ പെരുമാറുന്നതാണ് നല്ലതെന്നും അഞ്ജു കുര്യന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഞ്ജു. പിന്നീട് ഗൗരിയുടെ പ്രസ്താവന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടും തന്റെ പിന്തുണ അഞ്ജു കുര്യന്‍ പ്രകടിപ്പിച്ചു.
'മിനിഞ്ഞാന്ന് വരെ ഞങ്ങള്‍ വളരെ സന്തോഷത്തോടെയാണ് പ്രൊമോഷനുകള്‍ നടത്തിയിരുന്നത്. ഇന്നലെ ഞാനിവിടെ ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് രാവിലെ ഇവിടെയെത്തിയപ്പോള്‍ ഇക്കാര്യം ഞാന്‍ അറിഞ്ഞു. വീഡിയോകള്‍ കണ്ടു.'-അഞ്ജു കുര്യന്‍ പറഞ്ഞു.
'ഞാന്‍ ഗൗരിക്കൊപ്പം നില്‍ക്കുന്നു. കാരണം, നമ്മളെല്ലാവരും സ്‌നേഹിക്കുന്നത് സിനിമയെയാണല്ലോ. ആ സിനിമയ്ക്ക് വേണ്ടിയാണ് നമ്മള്‍ ഇവിടെയുള്ളത്. അതിനാല്‍, നമ്മുടെ സിനിമയെക്കുറിച്ചും നമ്മുടെ ജോലിയെക്കുറിച്ചും സംസാരിക്കാതെ അനാവശ്യ കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ട ആവശ്യമില്ല. കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറുന്നത് നല്ലതാണ്.'-അഞ്ജു തുടര്‍ന്നു.
'എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഇന്ന് ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഇരുന്ന് സിനിമ കാണേണ്ടതായിരുന്നു. ഇന്നലെ ഒരു സംഭവം കാരണം എല്ലാവര്‍ക്കും വിഷമമായി. അതേസമയം, സിനിമ റിലീസ് ചെയ്തതിലും നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നതിലും ഞങ്ങള്‍ സന്തോഷിക്കുകയും ചെയ്യുന്നു.'
'കലാകാരന് സുഖകരമായ ഒരിടമുണ്ടെങ്കിലേ അവര്‍ക്ക് നന്നായി സംസാരിക്കാന്‍ കഴിയൂ. നിങ്ങള്‍ (മാധ്യമങ്ങള്‍) ആണ് ആ ഇടം ഒരുക്കേണ്ടത്. ആ സമയത്ത് അവളെ (ഗൗരി കിഷനെ) പിന്തുണയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആ സാഹചര്യത്തില്‍ ഇരിക്കുമ്പോഴേ അത് മനസിലാകൂ. തെറ്റോ ശരിയോ എന്നതല്ല, ദയവുള്ളവരാകുക എന്നതാണ് കാര്യം.'-അഞ്ജു കുര്യന്‍ പറഞ്ഞു.
എന്താണ് ഗൗരി കിഷനുമായി ബന്ധപ്പെട്ട വിവാദം?
അദേഴ്‌സ് എന്ന ചിത്രത്തിന്റെ പ്രസ് സ്‌ക്രീനിങ്ങിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നടി ഗൗരി കിഷനോട് അവരുടെ ശരീരഭാരത്തെ കുറിച്ച് ഒരു യൂട്യൂബര്‍ അവഹേളനപരമായ ചോദ്യമുന്നയിച്ചതോടെയാണ് വിവാദം തുടങ്ങുന്നത്. ഇതിനോട് വളരെ രൂക്ഷമായാണ് ഗൗരി പ്രതികരിച്ചത്. സിനിമയുമായി എന്ത് ബന്ധമാണ് ഈ ചോദ്യത്തിനുള്ളതെന്നും തന്റെ ഭാരം നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്നും ഗൗരി ചോദിച്ചു.
'ഇതൊരു തമാശയായി എനിക്ക് തോന്നിയില്ല. ബോഡി ഷെയ്മിങ് സാധാരണവത്ക്കരിക്കരുത്, എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമുണ്ട്' -ഗൗരി വ്യക്തമാക്കി.
തന്റെ കഥാപാത്രത്തെക്കുറിച്ചോ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാല്‍ എല്ലാവര്‍ക്കും തന്റെ ശരീരഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ച് ചോദിച്ചു. സംഭവം വലിയ വാര്‍ത്തയായതോടെ നിരവധി പേരാണ് ഗൗരിക്ക് പിന്തുണയുമായി രംഗത്തെത്തിയത്.