'ഇവന്‍ എന്നേക്കൂടെ കരയിക്കുമല്ലോ...'; വേദിയില്‍ വിതുമ്പി ആദിത്യ, ചേർത്തുപിടിച്ച് അഞ്ജു

അഞ്ജു ജോസഫും ആദിത്യ പരമേശ്വനും, പാട്ടു പാടുന്നതിനിടെ വിതുമ്പുന്ന ആദിത്യയെ ആശ്വസിപ്പിക്കുന്ന അഞ്ജു
അഞ്ജു ജോസഫും ആദിത്യ പരമേശ്വനും, പാട്ടു പാടുന്നതിനിടെ വിതുമ്പുന്ന ആദിത്യയെ ആശ്വസിപ്പിക്കുന്ന അഞ്ജു

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയാണ് അഞ്ജു ജോസഫ്. ശനിയാഴ്ചയാണ് അഞ്ജു പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്. ബെംഗളൂരുവില്‍ എന്‍ജിനീയറായ ആദിത്യ പരമേശ്വരനാണ് വരന്‍. അഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചത്. ആലപ്പുഴ രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ അഞ്ജു പങ്കുവെച്ചിരുന്നു. ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

പിന്നാലെ വിവാഹ റിസപ്ക്ഷന്‍ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിവാഹം സ്വകാര്യ ചടങ്ങായി നടത്താനാണ് ആഗ്രഹിച്ചതെന്നും അതുകൊണ്ടാണ് മാധ്യമങ്ങളെ അറിയിക്കാതിരുന്നതെന്നുമാണ് അഞ്ജു പ്രതികരിച്ചത്. പ്രണയവിവാഹമാണോ എന്നതിനേക്കുറിച്ചും തങ്ങള്‍ പരിചയപ്പെട്ടതിനേക്കുറിച്ചും ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് സ്വകാര്യമായി വെയ്ക്കാനാണ് താല്പര്യമെന്നുമാണ് ഇരുവരും പ്രതികരിച്ചത്. പിന്നീട് ഒരു അവസരത്തില്‍ അക്കാര്യം പറയാമെന്നുമാണ് ഇരുവരും പറഞ്ഞത്.

ഇപ്പോഴിതാ റിസപ്ഷന്‍ വേദിയില്‍ അഞ്ജുവിനൊപ്പം പാട്ടുപാടുന്ന ആദിത്യ പരമേശ്വരന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. അമ്പിളി എന്ന സിനിമയിലെ എന്റെ നെഞ്ചാകെ നീയല്ലേ... എന്ന ഗാനമാണ് അഞ്ജുവും ആദിത്യയും ചേര്‍ന്ന് ആലപിച്ചത്. പാട്ടിന്റെ ഇടയില്‍ വികാരാധീനനായ ആദിത്യ വിതുമ്പുകയായിരുന്നു. ഇതോടെ ഭര്‍ത്താവിനെ ആശ്വസിപ്പിച്ച അഞ്ജു തുടര്‍ന്ന് പാടാന്‍ പ്രോത്സാഹിപ്പിച്ചു. ഇതിനിടെ ഇവന്‍ എന്നേക്കൂടെ കരയിക്കുമല്ലോ ഈശ്വരാ എന്ന കമന്റും താരം പാസാക്കി. 

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ അഞ്ജു ജോസഫ് റിയാലിറ്റി ഷോയിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് എത്തിയത്. അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനേക്കുറിച്ചും വിഷാദാവസ്ഥയില്‍ നിന്ന് പുറത്തു കടന്നതിനെക്കുറിച്ചുമെല്ലാം അഞ്ജു തുറന്നു പറഞ്ഞത് വലിയ ശ്രദ്ധ നേടിയിരുന്നു.
 

Content Highlights: anju joseph wedding viral reception song Aditya Parameswaran