‘മുമ്പൊരിക്കലും ഇവിടെ സ്ത്രീകൾ ഇത്രയേറെ സ്വരമുയർത്തിയിട്ടില്ല, ഇത്രയേറെ പുരുഷന്മാർ ഒരു സ്ത്രീക്കുവേണ്ടി സംസാരിച്ചിട്ടില്ല’

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതിയുടെ വിധി പുറത്തുവന്നതിനു പിന്നാലെ അതിജീവിതയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. അതിജീവിതയ്ക്ക് നീതി ലഭ്യമായില്ലെന്ന് വ്യക്തമാക്കി പ്രശസ്ത താരങ്ങൾ ഉൾപ്പെടെ സാമൂഹികമാധ്യമത്തിൽ അഭിപ്രായങ്ങൾ പങ്കുവെച്ചു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണം അറിയിച്ചിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോൻ. വിധി പുറപ്പെടുവിച്ചതിനു പിന്നാലെ അതിജീവിതയുടെ പോരാട്ടത്തിന് നിരവധിപേർ പിന്തുണയ്ക്കുന്നതിനേക്കുറിച്ചാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ കുറിച്ചിരിക്കുന്നത്.
ഇതിത്രയും സംഭവിച്ചതിനുശേഷം ഒന്നിലും അത്ഭുതപ്പെടേണ്ടതില്ലെങ്കിൽക്കൂടി ഓരോദിവസവും ഞെട്ടലിന്റെ തോത് കൂടുകയാണെന്ന് പറഞ്ഞാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പക്ഷേ അപ്പോഴും പൊതുജനങ്ങൾക്കിടയിൽ നിന്നുള്ള പ്രതികരണങ്ങൾ അത്ഭുപ്പെടുത്തുന്നുവെന്ന് അഞ്ജലി മേനോൻ കുറിക്കുന്നു.
മുമ്പൊരിക്കലും ഇവിടെ സ്ത്രീകൾ ഇത്രയേറെ സ്വരമുയർത്തിയിട്ടില്ല. മുമ്പൊരിക്കലും ഇവിടെ ഇത്രയേറെ പുരുഷന്മാർ ഒരു സ്ത്രീക്കുവേണ്ടി സംസാരിച്ചിട്ടില്ല. ഓരോരുത്തരും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പരിശ്രമിക്കുകയും അവരുടെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിജീവിതർ ആദരിക്കപ്പെടുന്ന സംസ്കാരമാണ് അവർ ആവശ്യപ്പെടുന്നത്, അത് അമൂല്യവുമാണ്. നിങ്ങളോട് എനിക്ക് ബഹുമാനമുണ്ട്. അവരാണ് മാറ്റത്തിന്റെ സന്ദേശവാഹകർ.
നടിയെ അക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ എട്ടു വര്‍ഷത്തിനുശേഷമാണ് വിധിവരുന്നത്. കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഈ മാസം 12ന് വിധിക്കും. നടൻ ദിലീപ് എട്ടാം പ്രതിയായ കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. ദിലീപിനെതിരായുള്ള ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് കണ്ടെത്തിയാണ് കോടതി അദ്ദേഹത്തെ വെറുതെവിട്ടത്.
കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ദിലീപിനെ കേസില്‍ പ്രതി ചേര്‍ത്തത്. 2018 മാര്‍ച്ച് എട്ടിന് വിചാരണ ആരംഭിച്ച കേസില്‍ അതിജീവിത ആവശ്യപ്പെട്ടതനുസരിച്ച് വനിതാജഡ്ജിയെ നിയമിച്ച് രഹസ്യവിചാരണയാണ് നടന്നത്.
Content Highlights: Director Anjali Menon shares her profound reactions to the actress assault case verdict, praising the surge in public support for the survivor and advocating for a culture honoring victims.