2019 മികച്ച വര്‍ഷം, എന്റെ അമ്മ പുതിയ പേരുകള്‍ പഠിച്ചു- അനില്‍ രാധാകൃഷ്ണ മേനോന്

2019 തന്റെ ജീവിതത്തിലെ മികച്ച വര്ഷങ്ങളിലൊന്നായിരുന്നുവെന്ന് സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന്. നടന് ബിനീഷ് ബാസ്റ്റിനുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ പേര് ഈ വര്‍ഷം വലിയ ചര്‍ച്ചയായത്. ബിനീഷ് ബാസ്റ്റിനോട് അനില്‍ രാധാകൃഷ്ണ മേനോന് ജാതീയവും വംശീയവുമായ വിവേചനം കാണിച്ചുവെന്നതായിരുന്നു വിവാദം. തുടര്‍ന്ന് അദ്ദേഹത്തിനെതിരേ വിമര്‍ശനവുമായി ഒട്ടനവധിയാളുകള്‍ രംഗത്തെത്തി. എന്നാല്‍ ചിലരുടെ അഭിപ്രായ പ്രകടനങ്ങള്‍ അതിര് കടന്നു. ഫെയ്സ്ബുക്കില്‍ അദ്ദേഹത്തിന്റെ അമ്മയുടെ ചിത്രത്തിന് താഴെ വരെ അധിക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തി. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അനില്‍ രാധാകൃഷ്ണ മേനോന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
2019 എന്നെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നു. എന്റെ അമ്മ ഒരുപാട് പേരുകള്‍ പഠിച്ചു. എല്ലാവര്ക്കും നന്ദിയുണ്ട്. സ്നേഹം മാത്രം- അനില്‍ രാധാകൃഷ്ണ മേനോന് കുറിച്ചു.
പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടന് ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന് അനില്‍ രാധാകൃഷ്ണ മേനോന് പറഞ്ഞു എന്നതായിരുന്നു വിവാദം. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന് പറഞ്ഞുവെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായും ബിനീഷ് പറഞ്ഞു.പരിപാടി നടക്കുന്നതിനിടെ അനില്‍ രാധാകൃഷ്ണ മേനോന് പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്ന് പ്രതിഷേധിച്ച ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വലിയ വിവാദമായി.
തുടര്‍ന്ന് വിശദീകരണവുമായി അനില്‍ രാധകൃഷ്ണ മേനോന് രംഗത്ത് വന്നു. ബിനീഷിനോട് മാപ്പ് ചോദിച്ച സംവിധായകന്, ബിനീഷ് ആയതുകൊണ്ടല്ല, പരിപാടിയില്‍ താനല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.
വിവാദത്തില്‍ സംവിധായകരുടെ സംഘടനയായ ഫെഫ്ക ഇടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പ്രശ്നം ഒത്തു തീര്‍പ്പായി. അനിലും ബിനീഷും തമ്മിലുണ്ടായ പ്രശ്നത്തില്‍ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ല. അനിലിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അതില്‍ അനില്‍ ബിനീഷിനോട് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതല്ലാതെ മറ്റൊരു നടപടിയിലേക്ക് സംഘടന പോകുന്നില്ലെന്നും ഫെഫ്ക വ്യക്തമാക്കി.
Content Highlights: anil radhakrishnan menon Director New year wishes after bineesh bastin controversy, issue
Content Highlights: