‘ഈ മുറിവുകൾ ഞാൻ പങ്കിടുന്നു’; 10 വർഷത്തിനുശേഷം മാറിടത്തിലെ മുറിവടയാളങ്ങൾ വെളിപ്പെടുത്തി ആഞ്ജലീന ജോളി

നടി എന്നതിലുപരി അതിജീവനത്തിന്റെ പര്യായമെന്ന് വിശേഷണമുള്ള താരമാണ് ആഞ്ജലീന ജോളി. 2013-ൽ, കാൻസറിനോടുള്ള ജനിതക പ്രവണത കാരണം തനിക്ക് ഡബിൾ മാസ്റ്റെക്ടമി നടത്തിയെന്നും തുടർന്ന് 2015-ൽ ഡബിൾ ഊഫോറെക്ടമി നടത്തിയെന്നും അവർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മാസ്റ്റെക്ടമി മുറിവുകൾ പുറത്തു കാണിച്ചുകൊണ്ട് ഒരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് അവർ. ടൈം മാഗസിൻ ഫ്രാൻസിനുവേണ്ടിയായിരുന്നു ഈ ഫോട്ടോഷൂട്ട്.
"എനിക്ക് പ്രിയപ്പെട്ട നിരവധി സ്ത്രീകളുമായി ഈ മുറിവുകൾ ഞാൻ പങ്കിടുന്നു. മറ്റ് സ്ത്രീകൾ അവരുടെ മുറിപ്പാടുകൾ പങ്കുവയ്ക്കുമ്പോൾ ഞാൻ വികാരഭരിതയാകാറുണ്ട്."–ആഞ്ജലീന ജോളി പറഞ്ഞു.
ടൈം മാഗസിനുവേണ്ടി ആഞ്ചലീനയെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് നാഥാനിയേൽ ഗോൾഡ്‌ബെർഗ് ആണ്. കവർ ചിത്രത്തിൽ ഏഞ്ചലീന ഒരു ലോ-കട്ട് ടോപ്പ് ധരിച്ച് ക്യാമറയിലേക്ക് നോക്കുന്നതായാണുള്ളത്. ഫോട്ടോഷൂട്ടിലെ മറ്റ് ചിത്രങ്ങളിൽ 50 വയസ്സുള്ള താരത്തിൻ്റെ മോണോക്രോം ക്ലോസ്-അപ്പ് ചിത്രങ്ങളും, മുറിയുടെ മധ്യഭാഗത്ത് ഇരിക്കുന്ന ഒരു ഫോഗി ലൈറ്റ് വൈഡ് ഷോട്ടും ഉൾപ്പെടുന്നു. ഈ മാസികയുടെ ആദ്യ പതിപ്പിൽ യുഎസ് അംബാസഡർ ടു ഫ്രാൻസ് ചാൾസ് കുഷ്നറുമായുള്ള അഭിമുഖവും ഉൾപ്പെടുന്നു.
2013-ലാണ് ആഞ്ജലീന ജോളി തന്റെ സ്തനങ്ങള്‍ നീക്കം ചെയ്യാന്‍ പോകുകയാണെന്ന കാര്യം ലോകത്തെ അറിയിച്ചത്. തന്റെ അമ്മയും മുത്തശ്ശിയും അമ്മായിയും മരണപ്പെട്ടത് സ്തനാര്‍ബുദം മൂലമാണെന്നിരിക്കെ മുന്‍കരുതലെന്ന നിലയ്ക്കാണ് താരം ഈ തീരുമാനം കൈകൊണ്ടത്. ഇവരില്‍ നിന്നും പാരമ്പര്യമായി അര്‍ബുദത്തിന് കാരണമാകുന്ന ജീന്‍ ആഞ്ജലിനയ്ക്ക് പകര്‍ന്ന് കിട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. രണ്ടുവര്‍ഷത്തിന് ശേഷം വീണ്ടും അര്‍ബുദ സാധ്യത കണ്ടെത്തിയതോടെ താരം തന്റെ അണ്ഡാശയങ്ങളും അണ്ഡവാഹിനി കുഴലുകളും ഓപ്പറേഷന്‍ നടത്തി നീക്കം ചെയ്തു.
സ്തനാര്‍ബുദം സംബന്ധിച്ച് എല്ലാ സ്ത്രീകള്‍ക്കും അവബോധമുണ്ടാകാനാണ് താന്‍ ഇക്കാര്യം പരസ്യമാക്കുന്നതെന്നും ഇത്തരം രോഗങ്ങള്‍ സംബന്ധിച്ച കുടുംബ ചരിത്രമുള്ളവര്‍ ഡോക്ടര്‍മാരുടെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണെന്നും അവര്‍ അന്ന് വ്യക്തമാക്കിയിരുന്നു.
Content Highlights: Angelina Jolie reveals mastectomy scars for the first time in a powerful new photoshoot for Time Magazine France.