വിവാഹമോചനം:ബ്രാഡ്‌ പിറ്റും അഞ്ജലീനയും അന്തിമ ധാരണയിലെത്തി, എട്ടുവര്‍ഷത്തെ തര്‍ക്കങ്ങള്‍ക്ക് വിരാമം

ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും (ഫയല്‍ ചിത്രം)|ഫോട്ടോ:AFP
ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും (ഫയല്‍ ചിത്രം)|ഫോട്ടോ:AFP

എട്ടുവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഹോളിവുഡ് സ്റ്റാറുകളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും തമ്മിലുള്ള വിവാഹമോചനം ധാരണയിലെത്തി. 2014-ല്‍ വിവാഹിതരായ ഇരുവര്‍ക്കും ആറ് മക്കളുണ്ട്. 

2005ല്‍ മിസ്റ്റര്‍ ആന്റ് മിസിസ് സ്മിത്ത് എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഏറെ നാള്‍ ഒരുമിച്ച് ജീവിച്ച ഇരുവരും 2014-ലാണ് ഔദ്യോഗികമായി വിവാഹിതരായത്. ഇതിനിടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ആഞ്ജലീന ജോളി ജന്മം നല്‍കി. ഇരുവരും ചേര്‍ന്ന് മൂന്ന് കുട്ടികളെ ദത്തെടുക്കുകയും ചെയ്തിരുന്നു.

പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി 2016-ല്‍ ആഞ്ജലീന ജോളി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു. ആ വര്‍ഷം ഒരു സ്വകാര്യ ജെറ്റില്‍ വെച്ച് തന്നോടും അവരുടെ രണ്ട് മക്കളോടും പിറ്റ് മോശമായി പെരുമാറിയെന്ന് അവര്‍ പ്രത്യേക കോടതി നടപടികളില്‍ പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബ്രാഡ് ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്തത്.

അന്വേഷണങ്ങളെത്തുടര്‍ന്ന്, ബ്രാഡിനെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല. വിഷയം കൂടുതല്‍ നിയമപരമായി നേരിടേണ്ടതില്ലെന്നും ആഞ്ജലീന തീരുമാനിച്ചു. നാലു മാസത്തിനുശേഷം, തങ്ങളുടെ വിവാഹമോചന നടപടികള്‍ സ്വകാര്യമായി കൈകാര്യം ചെയ്യാന്‍ സമ്മതിച്ചതായി ദമ്പതികള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിനായി സ്വകാര്യ ജഡ്ജിയേയും നിയമിച്ചു. മക്കളെ സംബന്ധിച്ചുള്ള അവകാശവാദങ്ങളും സ്വത്ത് സംബന്ധിച്ച് വിഷയങ്ങളുമായി വിവാഹമോചനം ധാരണയിലെത്താന്‍ വൈകിയത്.

വിവാഹമോചന ധാരണ സംബന്ധിച്ച കോടതി ഉത്തരവില്‍ മക്കളെ സംബന്ധിച്ച കരാര്‍ പരാമര്‍ശിച്ചിട്ടില്ലെന്ന ദ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രാഡ് പിറ്റിന്റെ രണ്ടാമത്തേതും ആഞ്ജലീന ജോളിയുടെ മൂന്നാമത്തേയും വിവാഹമായിരുന്നു. ഹോളിവുഡ് നടി തന്നെയായ ജെന്നിഫര്‍ ആനിസ്റ്റണുമായുള്ള ബന്ധത്തിന് ശേഷമായിരുന്നു ബ്രാഡ് ആഞ്ജലീനയുമായി അടുത്തത്. നടന്‍മാരായ ബില്ലി ബോബ് തോണ്‍ടണ്‍, ജോണി ലീ മില്ലര്‍ എന്നിവരുമായിട്ടായിരുന്നു ആഞ്ജലീനയുടെ ആദ്യ ബന്ധം.


 

Content Highlights: Angelina Jolie and Brad Pitt reach divorce deal