'‌‌ഇനി അത് തിരുത്താനാകില്ല, മാപ്പ് പറയേണ്ടത് എന്റെ ഉത്തരവാദിത്വം'; നടി റാസിയോട് അനസൂയ ഭരദ്വാജ്

#Movie Desk
അനസൂയ ഭരദ്വാജ്, റാസി | Photo: Instagram: itsme_anasuya
അനസൂയ ഭരദ്വാജ്, റാസി | Photo: Instagram: itsme_anasuya

നടി റാസിയോട് മാപ്പ് പറഞ്ഞ് നടി അനസൂയ ഭരദ്വാജ്. മൂന്ന് വർഷം മുമ്പ് താൻ അവതരിപ്പിച്ച വിവാദപരമായ ഒരു സ്കിറ്റ് സാമൂഹികമാധ്യമങ്ങളിൽ വീണ്ടും വൈറലായതിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്. റാസിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ സ്കിറ്റിലുണ്ടായിരുന്നു. ഇതോടെ, ബോഡി ഷേമിങ്ങ് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളിൽ ചർച്ച ആരംഭിച്ചു.

'അത് ഒരു വലിയ തെറ്റായിരുന്നു. ദയവായി എന്റെ ക്ഷമാപണം സ്വീകരിക്കുക. മൂന്ന് വർഷം മുമ്പ് ഞാൻ അവതരിപ്പിച്ച സ്കിറ്റിൽ നിങ്ങളുടെ പേര് തെറ്റായി ഉപയോഗിച്ചു. ഈ സ്കിറ്റ് എഴുതിയവരേയും സംവിധാനം ചെയ്തവരേയും ഞാൻ അന്നേ ചോദ്യം ചെയ്യേണ്ടതായിരുന്നു. എന്നാൽ, അന്ന് എനിക്ക് അതിനുള്ള ധൈര്യമുണ്ടായിരുന്നില്ല. ഇനി അത് തിരുത്താനും സാധിക്കില്ല.

ആളുകൾ മാറുകയും പരിണമിക്കുകയും ചെയ്യും. ഷോയിലെ ഡബിൾ മീനിങ്ങ് പരാമർശങ്ങളെ വിമർശിക്കുന്നതുമുതൽ ആ ഷോ വിടാൻ വരെ ഞാൻ തീരുമാനിച്ചു. സ്കിറ്റിന്റെ സംവിധായകനും എഴുത്തുകാരനും നിങ്ങളോട് ക്ഷമ ചോദിച്ചില്ലെങ്കിലും എന്റെ തെറ്റ് ഏറ്റെടുത്ത് നിങ്ങളോട് മാപ്പ് പറയേണ്ടത് എന്റെ ഉത്തരവാദിത്വമാണ്', അനസൂയ എക്സിൽ കുറിച്ചു.

മൂന്ന് വർഷം മുമ്പ് കൊമേഡിയൻ ആദി അവതരിപ്പിച്ച ഒരു സ്കിറ്റ് ആണ് വിവാദങ്ങൾക്ക് വഴിവെച്ചത്. ഈ സ്കിറ്റിൽ അനസൂയയും ഭാഗമായിരുന്നു. ദ്വയാർഥം സൂചിപ്പിക്കുന്ന സംഭാഷണങ്ങളും അനസൂയയുടെ പ്രതികരണവും തന്നെ നിരാശയാക്കിയതായി റാസി നേരത്തെ പ്രതികരിച്ചിരുന്നു.

Content Highlights: Actress Anasuya Bharadwaj issues a public apology to Raasi for a three-year-old controversial skit resurfacing, addressing body-shaming and derogatory humor.