'എന്റെ പങ്കാളി സംവിധായകനാകുന്നു'; പ്രണയം വെളിപ്പെടുത്തി അനാർക്കലി മരിക്കാർ

#Movies Desk
അനാര്‍ക്കലി മരിക്കാര്‍, അനാര്‍ക്കലിയും അമീന്‍ ബാരിഫും | Photo: Instagram/anarkali marikar
അനാര്‍ക്കലി മരിക്കാര്‍, അനാര്‍ക്കലിയും അമീന്‍ ബാരിഫും | Photo: Instagram/anarkali marikar

തന്റെ പങ്കാളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നതിലെ സന്തോഷം പങ്കുവെച്ച് നടി അനാർക്കലി മരിക്കാർ. നടിയുടെ പങ്കാളി അമീൻ ബാരിഫ് സംവിധാനംചെയ്യുന്ന 'കാക്കി സർക്കസ്' വെബ് സീരീസ് സി5 ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നതിന് മുന്നോടിയായാണ് നടി ഇൻസ്റ്റഗ്രാമിൽ കുറിപ്പു പങ്കുവെച്ചത്. അമീന്റെ യാത്രയുടെ ഭാഗമാകാൻ തനിക്ക് ഭാഗ്യമുണ്ടായതായി അനാർക്കലി കൂട്ടിച്ചേർത്തു.

'വൈകാരികമായൊരു ദിവസമാണിന്ന്. പേടിയും അഭിമാനവും ആവേശവും തോന്നുന്നു. എന്റെ പങ്കാളി അമീൻ ബാരിഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അവന്റെ യാത്രയുടെ ഭാഗമാകാൻ എനിക്ക് ഭാഗ്യമുണ്ടായി. ഒരു ഗാനം ആലപിച്ചു. കൂടാതെ, മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്ന ഗൗതമി നായർക്കുവേണ്ടി ഡബ് ചെയ്യാനും അവസരം ലഭിച്ചു. ഞങ്ങൾ നന്നായി ചെയ്തുവെന്ന് വിശ്വസിക്കുന്നു', അനാർക്കലി കുറിച്ചു.

തനിക്കൊരു കാമുകനുണ്ടെന്നും തങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നും അനാർക്കലി മുമ്പൊരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. 'എനിക്കൊരു ബോയ്ഫ്രണ്ടുണ്ട്. സംവിധായകനാകണമെന്നാണ് അവന്റെ ആഗ്രഹം. സിനിമയെക്കുറിച്ച് നല്ല ധാരണയുണ്ട്. ബോയ്ഫ്രണ്ടും ഞാനും ഇപ്പോൾ ഒരുമിച്ചാണ് താമസിക്കുന്നത്. ഉമ്മച്ചി, ബാപ്പ, ചേച്ചി, അവന്റെ വീട്ടുകാർ അങ്ങനെ എല്ലാവർക്കും അറിയാം. ഇനി ഔപചാരികതയുടെ ആവശ്യം മാത്രമേയുള്ളൂ. അതുകൊണ്ട് പതുക്കെ മതിയെന്നാണ് തീരുമാനം. അഭിനയത്തിൽ തന്നെയാണ് ഇപ്പോഴത്തെ ശ്രദ്ധ', എന്നായിരുന്നു അന്ന് അനാർക്കലി പറഞ്ഞത്.

അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ച കോമഡി- ത്രില്ലർ പരമ്പരയാണ് 'കാക്കി സർക്കസ്'. വെള്ളിയാഴ്ച മുതൽ സ്ട്രീമിങ് ആരംഭിച്ചു. രാജേഷ് മാധവൻ ഉൾപ്പെടെ ഒട്ടേറെ താരങ്ങൾ പ്രധാനവേഷത്തിലുണ്ട്.

Content Highlights: Anarkali Marikar's partner Ameen Barif makes his directorial debut. The couple is collaborating on the ZEE5 web series 'Khaki Circus'. Anarkali has contributed to the project by singing a song and dubbing for Gauthami Nair. The actress confirms they are living together with family approval