ദേശീയ അവാർഡ്: പ്രാദേശിക ജൂറിയുടേത് വിചിത്രതീരുമാനം- 'ആട്ടം' സംവിധായകൻ ആനന്ദ് ഏകർഷി

കൊച്ചി: 2022-ലെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ 'ആട്ടം' പ്രാദേശികജൂറി തഴഞ്ഞിരുന്നുവെന്നത് വിചിത്രമായി തോന്നുന്നുവെന്ന് സംവിധായകൻ ആനന്ദ് ഏകർഷി. സംസ്ഥാനപുരസ്‌കാരനിർണയത്തിൽ തഴയപ്പെട്ടതിൽ വേദന തോന്നിയിരുന്നുവെന്നും പക്ഷേ, ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'ആട്ട'ത്തിന്റെ പുരസ്‌കാരനേട്ടം ആഘോഷിക്കാനൊരുക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആനന്ദ്. 'ആട്ടം' വീണ്ടും തിയേറ്ററുകളിലെത്തിക്കുമെന്ന് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറും വിതരണക്കാരനുമായ പ്രദീപ് മേനോൻ പറഞ്ഞു. ചൊവ്വാഴ്ച കൊച്ചി പി.വി.ആറിൽ ചിത്രം പ്രദർശിപ്പിച്ചുതുടങ്ങും.
ചിത്രത്തിലെ എഡിറ്റിങ്ങിന് ദേശീയ അവാർഡ് നേടിയ മഹേഷ് ഭുവനേന്ദ്, അഭിനേതാക്കളായ വിനയ് ഫോർട്ട്, സറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി, മദൻബാബു, ജോളി ആന്റണി, സന്തോഷ്, പ്രശാന്ത്, ശെൽവരാജ്, സിജിൻ എന്നിവരും അണിയറപ്രവർത്തകരും ആഘോഷത്തിൽ പങ്കെടുത്തു.
Content Highlights: anand ekarshi about national award jury