തെറ്റിദ്ധരിക്കപ്പെട്ടു, ആരോഗ്യം തൃപ്തികരം; ആ കുറിപ്പ് അർജന്റീനയുടെ തോൽവിയെക്കുറിച്ച്- അമിതാഭ് ബച്ചൻ

#Movies Desk
അമിതാഭ് ബച്ചൻ | Photo: ANI
അമിതാഭ് ബച്ചൻ | Photo: ANI

സ്ത്രക്രിയയെക്കുറിച്ചും ഐ.സി.യു. വാസത്തെക്കുറിച്ചും ബ്ലോഗിൽ പങ്കുവെച്ച കുറിപ്പിൽ വിശദീകരണവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. താൻ യാതൊരുവിധ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടില്ലെന്നും ബ്ലോഗ് പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് ഫൈനലിൽ സ്‌പെയ്‌നിനോട് അർജന്റീന തോറ്റതിനെക്കുറിച്ചാണ് താൻ പരാമർശിച്ചതെന്നും ബച്ചൻ ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പ്രതികരിച്ചു.

'എനിക്ക് കുഴപ്പമൊന്നുമില്ല. ശസ്ത്രക്രിയയൊന്നും നടന്നിട്ടില്ല. ആ പോസ്റ്റ് തെറ്റിദ്ധരിക്കപ്പെട്ടതാണ്. ശസ്ത്രക്രിയയ്ക്കോ ഐസിയു വാസത്തിനോ ശേഷം വീട്ടിൽ തിരിച്ചെത്തി ശാരീരിക ബുദ്ധിമുട്ടുകളോട് പൊരുതുന്നതാണ് ഏറ്റവും പ്രയാസകരമായ സമയം എന്നതിന് ഒരു ഉദാഹരണം നൽകുകയായിരുന്നു ഞാൻ. അതിനാൽ ഒരു ചാമ്പ്യൻ പരാജയപ്പെടുമ്പോൾ, ആ തിരിച്ചടിയെ അതിജീവിക്കുക എന്നതാണ് ഏറ്റവും പ്രയാസകരമായ ഘട്ടം,' അമിതാഭ് ബച്ചൻ പറഞ്ഞു.

ഫൈനലിൽ അർജന്റീനയുടെ തോൽവിയെക്കുറിച്ചാണ് സൂചിപ്പിച്ചത്. നിലവിലെ ചാമ്പ്യൻ എന്ന നിലയിൽ മെസിയുടെ പരാജയമായിരുന്നു അത്. ആളുകൾ തനിക്കാണ് സംഭവിച്ചതെന്ന് തെറ്റിദ്ധരിച്ചുവെന്നും അമിതാഭ് ബച്ചൻ പറഞ്ഞു. ആരോഗ്യം തൃപ്തികരമാണോ എന്ന ചോദ്യത്തിന് 'ഇതുവരെ തീർച്ചയായും' എന്നും അദ്ദേഹം മറുപടി നൽകി.

'ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐ.സി.യുവിൽ വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു. തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി. എന്നാൽ വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം,' എന്നായിരുന്നു അമിതാഭ് ബച്ചന്റെ കുറിപ്പ്.

'നിങ്ങൾ ആരാധിക്കപ്പെടുന്ന ജേതാവായിരിക്കാം. എന്നാൽ ഒരു ദിവസം തോൽവി നിങ്ങളുടെ മുന്നിൽ വന്നുനിൽക്കും. അത് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമാണ്. ചിലർ അതിനെ ധൈര്യപൂർവം നേരിടും, ചിലർ കീഴടങ്ങും. നിരന്തരം പോരാടി ധീരത കാട്ടുന്നവർ എന്നും ചാമ്പ്യന്മാരായി തുടരും. അല്ലാത്തവർ ഭൂതകാലത്തിലെ പ്രതാപത്തിൽ ജീവിക്കും. അത് വ്യക്തിഗതമായ തിരഞ്ഞെടുപ്പാണ്, അതിൽ ശരിയോ തെറ്റോ ഇല്ല,' എന്ന് കൂട്ടിച്ചേർത്ത അദ്ദേഹം എല്ലാവർക്കും സന്തോഷവും ആരോഗ്യവും നേർന്നുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചത്.

Content Highlights: Bollywood megastar Amitabh Bachchan clarified that he has not undergone any surgery and is in good health. He explained that his recent blog post about surgery, ICU care, and recovery was completely misunderstood by readers and the media. Bachchan stated that the metaphor in his post was meant to describe Argentina's heartbreaking defeat against Spain in the World Cup final. He used the example of post-surgery recovery to draw a parallel to how champions struggle when recovering from a devastating loss. Confirming his well-being with a humorous note, Big B reassured his fans that he is doing fine and wished everyone health and happiness