‘ശിവന്റെ വേഷത്തിൽ രൺവീർ, മെലൂഹയിലെ ചിരഞ്ജീവികൾ സിനിമയാവുന്നു?’; പ്രചാരണം തള്ളി എഴുത്തുകാരൻ

അമിഷ് ത്രിപാഠിയുടെ ശ്രദ്ധേയ നോവൽ മെലൂഹയിലെ ചിരഞ്ജീവികൾ (ദ ഇമ്മോർട്ടൽസ് ഓഫ് മെലൂഹ) സിനിമയാവുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. നോവൽ സിനിമയാക്കാനുള്ള പകർപ്പവകാശം നടൻ രൺവീർ സിങ് നേടിയെന്നും അദ്ദേഹത്തിന്റെ നിർമാണക്കമ്പനിയായ മാ കസം ഫിലിമിന്റെ ബാനറിൽ ചിത്രം ഒരുങ്ങുമെന്നുമായിരുന്നു റിപ്പോർട്ടുകൾ. രൺവീർ സിങ് തന്നെയാവും ശിവന്റെ വേഷമവതരിപ്പിക്കുക എന്നും പ്രചാരണമുണ്ടായിരുന്നു. എന്നാൽ, ആ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാൻ അമീഷ് ത്രിപാഠി.
നോവൽ പോലെ തന്നെ മൂന്നുഭാഗങ്ങളായി ബിർല സ്റ്റുഡിയോസുമായി ചേർന്ന് സിനിമയൊരുങ്ങും എന്നായിരുന്നു റിപ്പോർട്ട്. ചിത്രത്തിനായുള്ള ഒരുക്കങ്ങൾ തുടങ്ങി. 2028-ൽ ചിത്രീകരണം ആരംഭിക്കും എന്നും റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ വാർത്തകളെല്ലാം തള്ളിയിരിക്കുകയാണ് അമീഷ് ത്രിപാഠി.
'ഞാനിപ്പോൾ മകനൊപ്പം യുകെയിലാണ്. വാർത്ത പുറത്തുവന്നതിന് പിന്നാലെ സന്ദേശങ്ങളുടെ പ്രളയമാണ്. ശിവ ത്രയത്തിന്റെ പകർപ്പവകാശം എന്റെ കൈവശം തന്നെയാണുള്ളത്. ആരുമായും ഒരു കരാറിലുമെത്തിയിട്ടില്ല. ഞാൻ രൺവീറിന്റെ ആരാധകനാണ്, അദ്ദേഹത്തോട് ബഹുമാനവുമുണ്ട്. എന്നാൽ, വാർത്ത സത്യമല്ല', എന്നായിരുന്നു അമീഷ് ത്രിപാഠിയുടെ പ്രതികരണം.
2017-ൽ തന്നെ നോവൽ ത്രയം സിനിമയാവുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അന്ന് കരൺ ജോഹർ അമീഷിൽനിന്ന് പകർപ്പവകാശം നേടി. എന്നാൽ, കരൺ ജോഹറിന്റെ നിർമാണക്കമ്പനിയായ ധർമ പ്രൊഡക്ഷൻസിന് ചിത്രം യാഥാർഥ്യമാക്കാൻ കഴിയാതെ വന്നതോടെ കരാറിൽനിന്ന് പിന്മാറുകയായിരുന്നു. പിന്നാലെ, സംവിധായകൻ സഞ്ജയ് ലീല ബൻസാലിയും താത്പര്യമറിയിച്ചിരുന്നതായി വാർത്തകളുണ്ടായിരുന്നു. അതും യാഥാർഥ്യമായില്ല.
ഹിന്ദു പുരാണങ്ങളുടെ പുനരാഖ്യാനമാണ് മെലൂഹയിലെ ചിരഞ്ജീവികളിൽ തുടങ്ങിയ ശിവ ത്രയം. 2010-ലാണ് ആദ്യഭാഗം പുറത്തിറങ്ങുന്നത്. പിന്നീട് നാഗന്മാരുടെ രഹസ്യം, വായുപുത്രന്റെ ശപഥം എന്നീ രണ്ടും മൂന്നും ഭാഗങ്ങൾ പുറത്തിറങ്ങി. ഇന്ത്യൻ സാഹിത്യലോകത്ത് അമീഷ് ത്രിപാഠി ശ്രദ്ധേയനാവുന്നത് ഈ നോവൽ ത്രയത്തിലൂടെയാണ്.
Content Highlights: Amish Tripathi officially denied reports of Ranveer Singh acquiring rights to the Shiva Trilogy. The author confirmed he currently retains the copyright for the series. Rumors suggested a 2028 production start, which the author dismissed as false. Previous attempts to adapt the novels by Karan Johar and Sanjay Leela Bhansali did not materialize