ഒ.ടി.ടി. റിലീസിനൊരുങ്ങി 'പുഷ്പ-2 ദി റൂള്‍'; സ്ട്രീമിങ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്

പുഷ്പ-2: ദി റൂള്‍ ഒ.ടി.ടി. റിലീസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട പോസ്റ്ററുകള്‍
പുഷ്പ-2: ദി റൂള്‍ ഒ.ടി.ടി. റിലീസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട പോസ്റ്ററുകള്‍

ഇന്ത്യന്‍ സിനിമാ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറിക്കൊണ്ടിരുന്ന അല്ലു അര്‍ജുന്റെ പുഷ്പ-2: ദി റൂള്‍ സിനിമയുടെ ഒ.ടി.ടി. റിലീസ് തീയതി പുറത്തുവിട്ട് നെറ്റ്ഫ്‌ളിക്‌സ്. 2024 ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ചിത്രം എന്ന ഖ്യാതിയോടെയാണ് ഒ.ടി.ടി.യിലേക്ക് എത്തുന്നത്. സുകുമാറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ നായികയായി രശ്മിക മന്ദനയും വില്ലനായി ഫഹദ് ഫാസിലുമാണ് എത്തിയിരുന്നത്. 

തെലുഗു, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ബംഗാളി എന്നീ ഭാഷകളില്‍ റിലീസിനെത്തിയ ചിത്രം 1800 കോടിയും കടന്ന് ആഗോള ബോക്സ് ഓഫീസില്‍ വമ്പന്‍ കുതിപ്പാണ് നടത്തിയത്. ആഗോള കളക്ഷനില്‍ എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ 'ബാഹുബലി 2' (1790 കോടി), 'ആര്‍.ആര്‍.ആര്‍' (1230 കോടി), പ്രശാന്ത് നീലിന്റെ 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' (1215 കോടി) എന്നീ സിനിമകളുടെ റെക്കോഡുകള്‍ സുകുമാറിന്റെ 'പുഷ്പ 2: ദി റൂള്‍' മറികടന്നിരുന്നു. 

ആമിര്‍ഖാന്‍ ചിത്രമായ 'ദംഗലി'ന്റെ ആഗോള കളക്ഷന്‍ റെക്കോഡും (2070 കോടി) പുഷ്പ തിരുത്തുമോ എന്നായിരുന്നു ആരാധകര്‍ ആകാംഷയോടെ ഉറ്റുനോക്കിയിരുന്നത്. ഈ സമയത്താണ്, പ്രദര്‍ശനത്തിനെത്തി രണ്ട് മാസത്തോട് അടുക്കുമ്പോള്‍ പുഷ്പ-2: ദി റൂള്‍ ഒ.ടി.ടി.യില്‍ എത്തുന്നത്. ജനുവരി 30-ന് നെറ്റ്ഫ്ളിക്സില്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്ന വിവരമാണ് അണിയറപ്രവര്‍ത്തര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 

ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുഷ്പ-2: ദി റൂള്‍ ടീസറും ട്രെയ്‌ലറും പങ്കുവെച്ചാണ് വാര്‍ത്ത നെറ്റ്ഫ്‌ളിക്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 23 മിനിറ്റ് എക്‌സ്ട്രാ ഫൂട്ടേജ് കൂടി ഉള്‍പ്പെടുത്തിയ വേര്‍ഷനായിരിക്കും ഒ.ടി.ടി.യിലൂടെ സ്ട്രീം ചെയ്യുക എന്ന തലക്കെട്ടോടെയാണ് നെറ്റ്ഫ്‌ളിക്‌സ് ടീസര്‍ പങ്കുവെച്ചിട്ടുള്ളത്. ഹിന്ദി, തെലുഗു, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലായിരിക്കും ചിത്രം ഒ.ടി.ടി.യില്‍ എത്തുക. 

Content Highlights: allu arjuns pushpa 2 the rule ott release date on neflix