പുഷ്പ-2 പ്രദര്‍ശനത്തിനിടെ നടന്ന അപകടം; പരിക്കേറ്റ കുട്ടിയുടെ കുടുംബത്തിന് 3.20 കോടി രൂപ നല്‍കി അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പുഷ്പ- 2 റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായി. സിനിമയുടെ പ്രീമിയര്‍ ദിവസം തന്നെയാണ് സിനിമാലോകത്തെ ഞെട്ടിച്ച തിയേറ്റര്‍ ദുരന്തവും സംഭവിച്ചത്. സംഭവത്തില്‍ പരിക്കേറ്റ കുട്ടിയെ തെലുങ്കാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനും നിര്‍മാതാവുമായ ദില്‍ രാജു ഒരു വര്‍ഷത്തിനുശേഷം സന്ദര്‍ശിച്ചു. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അല്ലു അര്‍ജുന്‍ ഇതിനോടകം 3.20 കോടി രൂപ നല്‍കിയെന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുകയും ചെയ്തു.
അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ ചികിത്സയ്ക്ക് അല്ലു സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അല്ലു അര്‍ജുന്റെ ടീം പ്രതികരിക്കുന്നില്ല എന്ന കുട്ടിയുടെ പിതാവ് ഇതിനുമുന്‍പ് നല്‍കിയ ഒരഭിമുഖത്തില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. അല്ലുവിന്റെ ടീം പുറത്തുവിട്ട വീഡിയോയില്‍ കുടുംബത്തിനായി 3.20 കോടി രൂപ നല്‍കിയെന്നും ഇതില്‍ 1.5 കോടി രൂപ കുട്ടിയുടെ പേരില്‍ സ്ഥിരനിക്ഷേപമായി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ദില്‍ രാജു അറിയിച്ചു.
അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ പിതാവും നല്‍കിയ തുക എങ്ങനെയാണ് നല്‍കിയതെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. പ്രതിമാസം 75,000 രൂപ ലഭിക്കുന്ന രീതിയിലാണ് തുക ബാങ്കില്‍ നിക്ഷേപിച്ചതെന്നും. കുടുംബത്തിന്റെ ജീവിതച്ചെലവുകളും വൈദ്യസഹായത്തിനും ഉപയോഗിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ നിക്ഷേപിച്ചതെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു. അപകടത്തില്‍ പരിക്കേറ്റ കുട്ടിയുടെ ഭാവിയുടെ സുരക്ഷിതത്വത്തിനായി 70 ലക്ഷം രൂപ അധികമായി നല്‍കിയിട്ടുണ്ടെന്നും വീഡിയോയില്‍ ദില്‍ രാജു പങ്കുവെച്ചു.
പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും എന്നാല്‍ പരിചരണത്തിനായി പിതാവ് കൂടുതല്‍ പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജു പറഞ്ഞു. അല്ലുവിന്റെ പിതാവ് അരവിന്ദുമായി സംസാരിച്ച് അദ്ദേഹത്തെ സഹായിക്കുമെന്ന് ഉറപ്പുനല്‍കിയതായും രാജു കൂട്ടിച്ചേര്‍ത്തു. വീഡിയോയില്‍ കുട്ടിയുടെ അച്ഛനും സംസാരിക്കുന്നുണ്ട്. അല്ലു അര്‍ജുനും കുടുംബവും തുടക്കം മുതല്‍ സഹായിച്ചെന്നും കൂടുതല്‍ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അല്ലുവിന്റെ ടീം പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചികിത്സാ ചെലവുകള്‍ അല്ലു അര്‍ജുന്‍ വഹിക്കുമെന്ന് ഉറപ്പുലഭിച്ചതായി അദ്ദേഹം പങ്കുവെച്ചു.
കുട്ടിയുടെ ആരോഗ്യസംരക്ഷണത്തിനായി ആറ് മാസത്തേക്ക് സഹായം ആവശ്യമുണ്ടെന്നാണ് പിതാവ് അറിയിച്ചത്. ഈ ആവശ്യം അല്ലു അര്‍ജുന്‍ അംഗീകരിച്ചതായും, എല്ലാ വൈദ്യസഹായങ്ങളും ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. ആറ് മാസമല്ല ഒരു വര്‍ഷമെടുത്താലും എല്ലാ സഹായങ്ങളും നല്‍കുമെന്ന് രാജു കുട്ടിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.
2024 ഡിസംബര്‍ നാലാം തീയതി രാത്രി 11 മണിയുടെ പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയും ദില്‍സുഖ്നഗര്‍ സ്വദേശിനിയുമായ രേവതി നേരത്തേ മരണപ്പെട്ടിരുന്നു. യുവതിയുടെ ഭര്‍ത്താവിനും പരിക്കേറ്റിരുന്നു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ടായിരുന്നു അപകടം.
Content Highlights: One year after the tragic Pushpa 2 cinema incident, Allu Arjun`s team confirms Rs 3.20 crore aid for the injured child. Learn about the financial support and future security.