അല്ലു അർജുനും കൊരട്ടാല ശിവയും കൈകോർക്കുന്നു; ബിഗ് ബഡ്ജറ്റ് ബഹുഭാഷാ ചിത്രം വരുന്നു

അല്ലു അർജുനും കൊരട്ടാല ശിവയും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന് പേരിട്ടിട്ടില്ല. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ബഹുഭാഷാ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും. 2022 ലാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സുധാകർ മിക്കില്ലേനിയാണ് നിർമാണം. മിർച്ചി, ജനതാ ഗാരേജ്, ആചാര്യ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കൊരട്ടാല ശിവ.
പുഷ്പയാണ് അല്ലു അർജുന്റെ പുതിയ ചിത്രം. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ലോക്ക്ഡൗൺ ആയതോടെ ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധ നേടിയിരുന്നു. അല്ലുവിന്റെ ജന്മദിനത്തിലാണ് പോസ്റ്റർ പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു എത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുകയെന്നും റിപ്പോർട്ടുകളുണ്ട്,.
ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ - അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സാണ് നിർമാണം. രംഗസ്ഥലത്തിന് ശേഷം സുകുമാർ - മൈത്രി മൂവി മേക്കേഴ്സ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് പുഷ്പ.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ദേവി ശ്രീ പ്രസാദ് ആണ് സംഗീതസംവിധാനം..
Content Highlights : Allu Arjun New Movie With Koratala Siva
Content Highlights: