37 പേരുടെ മോഷൻ ക്യാപ്ചർ ചിത്രീകരണം; ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച് അല്ലു അർജുൻ - അറ്റ്ലി ചിത്രം 'രാക്ക'

#മൂവീസ് ഡെസ്ക്
അല്ലു അർജുനും അറ്റ്ലിയും ​ഗിന്നസ് റെക്കോർഡ് സ്വീകരിക്കുന്നു
അല്ലു അർജുനും അറ്റ്ലിയും ​ഗിന്നസ് റെക്കോർഡ് സ്വീകരിക്കുന്നു

'ഐക്കൺ സ്റ്റാർ' അല്ലു അർജുനെ നായകനാക്കി വി. അരുൺകുമാറിന്റെ (അറ്റ്ലി) സംവിധാനത്തിൽ സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാക്ക' ഗിന്നസ് വേൾഡ് റെക്കോർഡിൽ. സിനിമാ സാങ്കേതികവിദ്യയുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച്, ഏറ്റവും കൂടുതൽ ആളുകളെ ഒരേസമയം തത്സമയം മോഷൻ- ക്യാപ്ചർ ചെയ്ത നേട്ടത്തിനാണ് ചിത്രം ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയത്.

സിനിമാ ചരിത്രത്തിലെ വിപ്ലവകരമായ സാങ്കേതിക നേട്ടം പരിഗണിച്ച് ഫെബ്രുവരിയിൽ ചിത്രീകരിച്ച സങ്കീർണ്ണമായ രംഗത്തിനാണ് സെപ്റ്റംബർ 15-ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഔദ്യോഗികമായി അംഗീകാരം നൽകിയത്. തത്സമയ മോഷൻ- ക്യാപ്ചർ രീതിയിൽ ഒരേ സമയം 37 അഭിനേതാക്കളുടെ പ്രകടനങ്ങളാണ് ക്യാമറയിൽ പകർത്തിയത്. നാലു വയസ്സുള്ള കുട്ടി മുതൽ 70 വയസ്സുള്ള മുതിർന്ന വ്യക്തി വരെ രംഗത്തിന്റെ ഭാഗമായി പങ്കെടുത്തു.

ഒരൊറ്റ ക്യാപ്ചർ വോളിയത്തിനുള്ളിൽ 37 വ്യത്യസ്ത വ്യക്തികളുടെ പ്രകടനവും സൂക്ഷ്മമായ ചലനങ്ങളും ഗുണനിലവാരം ചോരാതെ റെക്കോർഡ് ചെയ്യുക എന്നത് വലിയൊരു സാങ്കേതിക വെല്ലുവിളിയായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടെ മാജിക് 'രാക്ക'യുടെ കൂറ്റൻ നിർമാണ വ്യാപ്തിക്ക് അനുയോജ്യമായ രീതിയിൽ ചിത്രത്തിന്റെ വി.എഫ്.എക്‌സ്. പ്രൊഡ്യൂസറാണ് പുതിയൊരു മോഷൻ- ക്യാപ്ചർ പൈപ്പ്ലൈനും വർക്ക്ഫ്‌ലോയും വികസിപ്പിച്ചെടുത്തത്.

റെക്കോർഡ് ചിത്രീകരണത്തിനായി 92 അത്യാധുനിക ഓപ്റ്റിക്കൽ മോഷൻ- ക്യാപ്ചർ ക്യാമറകൾ സജ്ജീകരിച്ചു. അഡ്വാൻസ്ഡ് നെറ്റ്വർക്കിങ്, സിൻക്രണൈസേഷൻ, അൺറിയൽ എൻജിൻ വഴിയുള്ള തത്സമയ വിഷ്വലൈസേഷൻ, വിറ്റ്നസ് ക്യാമറകൾ, ഫേഷ്യൽ ക്യാപ്ചർ സാങ്കേതികവിദ്യ എന്നിവ ഒരുമിച്ച് ഉപയോഗിച്ചു. ആപ്പിൾ ആർട്ട് സ്റ്റുഡിയോയുടെ സാങ്കേതിക നൈപുണ്യവും സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ പ്രയത്‌നവുമാണ് വിജയം സാധ്യമാക്കിയത്. ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ സീനിയർ അഡ്ജുഡിക്കേറ്റർ സ്വപ്‌നിൽ ദാംഗ്രീകർ, 'രാക്ക'യുടെ പ്രധാന അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ നായകൻ അല്ലു അർജുനും സംവിധായകൻ അറ്റ്ലിക്കും ഔദ്യോഗിക ഗിന്നസ് സർട്ടിഫിക്കറ്റ് കൈമാറി.

'രാക്ക'യിലൂടെ ഇന്ത്യൻ സിനിമ, ലോകസിനിമ വേദിയിൽ അഭിമാനകരമായ മറ്റൊരു കാൽവെപ്പ് കൂടി നടത്തുകയാണ്. 'സൺ പിക്‌ചേഴ്‌സിന്റെ നിർമാണ മികവും അറ്റ്ലിയുടെ കാഴ്ചപ്പാടും അല്ലു അർജുന്റെ അഭിനയ പ്രതിബദ്ധതയും ഒത്തുചേരുമ്പോൾ 'രാക്ക' ഇന്ത്യൻ സിനിമയ്ക്ക് തന്നെ ഒരു വലിയ അഭിമാന നിമിഷമായി മാറുകയാണ്.

മൊട്ടയടിച്ച തലയും, കണ്ണെഴുതി തീക്ഷ്ണമായ നോട്ടവും, തലയിലെ ടാറ്റൂകളും ചേർന്ന് അമ്പരപ്പിക്കുന്ന ലുക്കിലാണ് ചിത്രത്തിൽ അല്ലു എത്തുന്നത്. 'പുഷ്പ 2'-ന് ശേഷം അല്ലു അർജുന്റെ കരിയറിലെ ഏറെ വേറിട്ട വേഷമായിരിക്കും ഇതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. 'ജവാൻ' എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കലാനിധി മാരന്റെ സൺ പിക്‌ചേഴ്‌സ് ആണ്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള വിഷ്വൽ ഇഫക്റ്റുകളും വേൾഡ് ബിൽഡിങ്ങുമായി അറ്റ്ലി ഒരുക്കുന്ന 'രാക്ക' വലിയ സാങ്കേതിക വിസ്മയമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

'രാജാ റാണി', 'തെരി', 'മെർസൽ', 'ബിഗിൽ' തുടങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങൾക്കും 'ജവാൻ' എന്ന ബ്ലോക്ബസ്റ്റർ ബോളിവുഡ് ചിത്രത്തിനും ശേഷം അറ്റ്‌ലി ഒരുക്കുന്നതാണ് ചിത്രം. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുന്ന ചിത്രം സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയായാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. അല്ലു അർജുന്റെ 22-ാംചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ ചിത്രവുമാണ് 'രാക്ക'.. പി.ആർ.ഒ: ആതിര ദിൽജിത്ത്.

Content Highlights: Allu Arjun starrer film 'Raaka', directed by Atlee, entered the Guinness World Records. The record was awarded for real-time motion capturing of 37 actors simultaneously in a single scene. Official certificate was presented to Allu Arjun and director Atlee by Guinness adjudicator Swapnil Dangarikar. Over 92 advanced optical motion-capture cameras and Unreal Engine were deployed for the production. Produced by Kalanithi Maran under Sun Pictures, this sci-fi project marks Allu Arjun's 22nd film.