ദീപിക വാങ്ങുന്നതിന്റെ ഏഴിരട്ടി; ‘രാക്ക’യിൽ അഭിനയിക്കാൻ അല്ലുവിന് കിട്ടുക വൻ പ്രതിഫലം

#മൂവി ഡെസ്ക്
ദീപിക പദുക്കോൺ, രാക്ക എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: AFP, X
ദീപിക പദുക്കോൺ, രാക്ക എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: AFP, X

ല്ലു അർജുനെ നായകനാക്കി അറ്റ്ലീ സംവിധാനംചെയ്യുന്ന ചിത്രമാണ് രാക്ക. ഏകദേശം 700 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം നിലവിൽ ഇന്ത്യൻ സിനിമയിൽ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. സൂപ്പർ ഹീറോ ചിത്രമായൊരുങ്ങുന്ന സിനിമയിൽ നായികയായെത്തുന്നത് ദീപിക പദുക്കോൺ ആണ്. ചിത്രത്തിനായി അല്ലു അർജുനും ദീപികയും വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ചർച്ചയാകുകയാണ്.

റിപ്പോർട്ടുകൾ പ്രകാരം, നായിക ദീപിക പദുകോണിന് ലഭിക്കുന്നതിനേക്കാൾ ഏഴിരട്ടിയിലധികം പ്രതിഫലമാണ് അല്ലു അർജുൻ ഈ ചിത്രത്തിനായി വാങ്ങുന്നത്. അല്ലു അർജുൻ 175 കോടി രൂപ വാങ്ങുമ്പോൾ, നായികയായ ദീപികയ്ക്ക് ലഭിക്കുന്നത് 25 കോടി രൂപ മാത്രമാണെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രശ്മിക മന്ദാനയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രശ്മികയ്ക്ക് ഏകദേശം 5 മുതൽ 7 കോടി രൂപ വരെയാണ് പ്രതിഫലമായി ലഭിക്കുകയെന്നാണ് സൂചന. മൃണാൾ ഠാക്കൂർ, ജാൻവി കപൂർ എന്നിവരും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സൺ പിക്ചേഴ്സ് ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.

അല്ലു അർജുന്റെ 44-ാം ജന്മദിനത്തിൽ ചിത്രത്തെക്കുറിച്ചുള്ള ഒരു ചെറിയ സൂചന നൽകുന്ന പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാകും അല്ലു അർജുൻ എത്തുകയെന്നാണ് റിപ്പോർട്ട്. അതിൽ ഒരെണ്ണം പകുതി മനുഷ്യനും പകുതി രാക്ഷസനുമായ രൂപമായിരിക്കുമെന്നും വിവരമുണ്ട്. ഇതിനെ സാധൂകരിക്കുന്ന പോസ്റ്ററാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.

മുംബൈയിൽ ഉടൻ ആരംഭിക്കാനിരിക്കുന്ന അടുത്ത ഷെഡ്യൂൾ ഉൾപ്പെടെ ഈ വർഷം മുഴുവൻ ഷൂട്ടിംഗ് തുടരാനാണ് സാധ്യത. 2026 അവസാനത്തോടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സായ് അഭ്യങ്കറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Content Highlights: Icon Star Allu Arjun is reportedly receiving a staggering ₹175 crore for his role in Atlee's superhero film 'Raaka', while leading lady Deepika Padukone is set to receive ₹25 crore for the ₹700-crore budget venture.