‘മൃണാൾ തെലുങ്ക് ഹീറോയെ വിവാഹംചെയ്യണം’; അല്ലു അർജുന്റെ പിതാവിന്റെ ഉപദേശം,ലാവണ്യയെ ഓർമിപ്പിച്ച് ആരാധകർ

അദിവി ശേഷ് നായകനായ തെലുങ്ക് ചിത്രം 'ഡെക്കോയിറ്റി'ന്റെ സക്‌സസ് മീറ്റിൽ നായിക മൃണാൾ ഠാക്കൂറിന് അല്ലു അർജുന്റെ പിതാവ് നൽകിയ ഉപദേശം വൈറൽ. തെലുങ്ക് സിനിമാമേഖലയിൽനിന്നുള്ള ആരെയെങ്കിലും വിവാഹം ചെയ്യാനാണ് നിർമാതാവ് അല്ലു അരവിന്ദിന്റെ ഉപദേശം. തെലുങ്കിൽ നടി തുടരാനുള്ള ഒരേയൊരു വഴി വിവാഹം മാത്രമാണെന്നും അല്ലു അരവിന്ദ് കൂട്ടിച്ചേർത്തു.
'ഡെക്കോയിറ്റ്' സക്‌സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അല്ലു അരവിന്ദ്. നടിയുടെ അഭിനയത്തേയും ചിത്രത്തിലെ പ്രകടനത്തേയും പ്രശംസിച്ച ശേഷമായിരുന്നു നിർമാതാവിന്റെ ഉപദേശം. 'മൃണാൾ ഒരു തെലുങ്ക് ഹീറോയെ വിവാഹം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. മൃണാൾ ടോളിവുഡിൽ തുടരാനുള്ള ഏകവഴി അതാണ്. അതിനാൽ അവർ തെലുങ്ക് സിനിമാരംഗത്തുനിന്നുള്ള ആരെയെങ്കിലും വിവാഹംചെയ്യണം', എന്നായിരുന്നു അല്ലു അരവിന്ദിന്റെ വാക്കുകൾ. അല്ലു അരവിന്ദിന്റെ വാക്കുകൾ കേട്ട നടി, ചിരിയടക്കാൻ പാടുപെടുന്നത് ദൃശ്യങ്ങളിൽ കാണാം.
അല്ലു അരവിന്ദിന്റെ വാക്കുകൾ വൈറലായതോടെ, മുമ്പ് അദ്ദേഹം നടത്തിയ പ്രസംഗം ഓർമിപ്പിച്ച് പ്രേക്ഷകരെത്തി. നേരത്തേ, നടി ലാവണ്യാ ത്രിപാഠിയെ സംബന്ധിച്ച് അല്ലു അരവിന്ദ് നടത്തിയ പ്രസ്താവനായാണ് കുത്തിപ്പൊക്കിയത്. ലാവണ്യയെക്കുറിച്ചുള്ള സമാനപരാമർശത്തിന് പിന്നാലെ, അവർ തെലുങ്ക് നടൻ വരുൺ തേജിനെ വിവാഹം ചെയ്തു. ഉത്തർപ്രദേശിൽ ജനിച്ച് ഉത്തരാഖണ്ഡിൽ വളർന്ന ലാവണ്യ, തെലുങ്ക് ചിത്രങ്ങളിൽ സജീവമാണ്.
തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ വിജയചിത്രങ്ങളുള്ള നിർമാതാവ് എന്നാണ് അല്ലു അരവിന്ദ് വിശേഷിപ്പിക്കപ്പെടുന്നത്. തെലുങ്കിലെ പ്രധാന നിർമാണക്കമ്പനിയായ ഗീതാ ആർട്‌സ് സ്ഥാപകനായ അല്ലു അരവിന്ദ്, ഇന്ത്യൻ സൂപ്പർലീഗ് ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സിലും പങ്കാളിയാണ്. അല്ലു നിർമലയാണ്, അരവിന്ദിന്റെ ഭാര്യ. വ്യവസായിയായ അല്ലു വെങ്കടേഷ്, നടന്മാരായ അല്ലു അർജുൻ, അല്ലു സിരിഷ് എന്നിവരാണ് മക്കൾ. സഹോദരി സുരേഖ, സൂപ്പർതാരം ചിരഞ്ജീവിയുടെ ഭാര്യയാണ്. രാം ചരണിന്റെ അമ്മാവൻ കൂടിയാണ് അല്ലു അരവിന്ദ്.
മഹാരാഷ്ട്രയിൽ ജനിച്ച മൃണാൾ ഠാക്കൂർ ടെലിവിഷൻ പരമ്പരകളിലൂടെയാണ് അഭിനയത്തിലെത്തിയത്. മറാഠി, ഹിന്ദി, തെലുങ്ക് ഭാഷകളിൽ സജീവമാണ്. ദുൽഖർ സൽമാൻ നായകനായ 'സീതാരാമം' ആണ് മൃണാളിന് പാൻ- ഇന്ത്യൻ ശ്രദ്ധനേടിക്കൊടുത്തത്.
Content Highlights: Allu Aravind publicly suggests Mrunal Thakur marry a Telugu actor to cement her Tollywood career. The remarks were made during the success meet of the film Dacoit. Comparison drawn to Lavanya Tripathi, who married Varun Tej following similar public suggestions. Mrunal Thakur's growing popularity in South Indian cinema post-Sita Ramam