പായൽ കാബാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലെെറ്റ്' ടൊറോൻറോ ചലച്ചിത്രമേളയിൽ

#സുരേഷ് നെല്ലിക്കോട്
All we imagine as light, Super boys of Malegaon
All we imagine as light, Super boys of Malegaon

നാല്പത്തൊമ്പതാമത് ടൊറോൻറോ രാജ്യാന്തരചലച്ചിത്രോത്സവത്തിന്‌ തിരിതെളിയാൻ ആറാഴ്ചകൾ മാത്രം ബാക്കി നിൽക്കുമ്പോൾ പ്രധാന വിഭാഗങ്ങളിലായി ഇതുവരെ പുറത്തുവന്നിരിക്കുന്നത് 63 ചിത്രങ്ങളുടെ പേരുകളാണ്‌. ഗാല - സ്പെഷ്യൽ പ്രസൻറേഷൻസ് വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള രണ്ടു ചിത്രങ്ങളാണ്‌ ഉൾപ്പെട്ടിരിക്കുന്നത്.  പായൽ കപാഡിയ സം‌വിധാനം ചെയ്ത്, ഇക്കഴിഞ്ഞ കാൻ ചലച്ചിത്രമേളയിലെ ഗ്രാൻറ് പ്രീ പുരസ്ക്കാരം  നേടിയ ഓൾ വി ഇമാജിൻ ആസ് ലെെറ്റ് (All We Imagine As Light), റീമ കാഗ്‌തിയുടെ സൂപ്പർ ബോയ്സ് ഓഫ് മാലേഗാവ് (Superboys of Malegaon) എന്നിവയാണ്‌ ആ ചിത്രങ്ങൾ. 

കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർ പ്രധാന വേഷങ്ങളിൽ വരുന്ന ഓൾ വി ഇമാജിൻ ആസ് ലെെറ്റിൻറെ നിർമ്മാണത്തിൽ ഇന്ത്യയ്‌ക്കൊപ്പമുള്ളത് ഫ്രാൻസ്, നെതർലൻ‌ഡ്, ലക്സംബർഗ്, ഇറ്റലി എന്നീ യൂറോപ്യൻ രാജ്യങ്ങളാണ്‌. 115 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിൻറെ ഛായാഗ്രഹണം നിർ‌വ്വഹിച്ചിരിക്കുന്നത് രണബീർ ദാസ് ആണ്‌.

റീമ കാഗ്‌തി സം‌വിധാനം ചെയ്ത 'സൂപ്പർ ബോയ്‌സ് ഒഫ് മലേഗാവ്' എന്ന ഹിന്ദി ചിത്രത്തിൽ ആദർശ് ഗൗരവ്, വിനീത് കുമാർ സിങ്, ശശാങ്ക് അറോറ എന്നിവർ പ്രധാനവേഷങ്ങളിടുന്നു. മലേഗാവിലെ പുതുചലച്ചിത്രപ്രേമികളുടെ കഥ പറയുന്ന ഈ ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് വരുൺ ഗ്രോവർ ആണ്‌.

 ഡേവിഡ് ക്രോനെൻബർഗ്, ഴാക് ഓഡിയർഡ്, ആൻ‌ജെലീന ജോളി, ജിയ കൊപ്പോള, മോർഗൻ നെവിൽ, കൊസീമ സ്‌പെൻ‌ഡർ, ഉബേർട്ടോ പസൊലീനി, ഡേവിസ് ഗോർഡൻ,മൈക്ക് ഫ്‌ലാനഗൻ, വൂ മിൻ ഹോ തുടങ്ങിയ സം‌വിധായകരുടെ ചിത്രങ്ങളും പ്രധാന ചിത്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. 

സെപ്റ്റംബർ അഞ്ചിനാരംഭിക്കുന്ന ചലച്ചിത്രമേളയിൽ ഇനിയും മുന്നൂറിലധികം ചിത്രങ്ങളുടെ പേരുകൾ പുറത്തുവരാനുണ്ട്. ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നായി അഞ്ചുലക്ഷത്തോളം പ്രേക്ഷകരും രണ്ടായിരത്തിലധികം വോളൻറിയർമാരും ആയിരത്തിയഞ്ഞൂറോളം മാധ്യമപ്രവർത്തകരും പങ്കെടുക്കുന്ന ടൊറോൻറോ മേള സെപ്‌റ്റംബർ 15 ന്‌ അവസാനിക്കും.

Content Highlights: All We Imagine as Light, Super boys of Malegaon to be screened in TIFF