ഐസ് ബ്രേക്കർ ടു സിനിമ; സിനിമാ വർക്ക്‌ഷോപ്പുമായി ആല കളക്റ്റീവ്

കേരളത്തിന്റെ ഫിലിം സൊസൈറ്റി പാരമ്പര്യത്തിൽനിന്ന് ഊർജ്ജം ഉൾക്കൊണ്ട്, സിനിമയുടെ സൗന്ദര്യശാസ്ത്രവും മാറിക്കൊണ്ടിരിക്കുന്ന സിനിമാഭാഷകളും ചർച്ച ചെയ്യുന്നതിനായി ആല തിയേറ്റർ രൂപവത്കരിച്ച കൂട്ടായ്മയാണ് 'ആല ഫിലിം കളക്റ്റീവ്'. ഒരു വർഷം നീളുന്ന സിനിമാ പ്രദർശനങ്ങളും വർക്ക്ഷോപ്പുകളുമാണ് ആല കളക്റ്റീവിന്റെ പ്രത്യേകത. മാസത്തിൽ രണ്ട് സിനിമകൾ വീതം ഒരു വർഷം 24 പ്രദർശനങ്ങളാണ് ഇതിന്റെ ഭാഗമായി നടക്കുക. സിനിമയുടെ ചരിത്രത്തേക്കാൾ സൗന്ദര്യശാസ്ത്രപരമായ രൂപാന്തരങ്ങളെ അന്വേഷിക്കുന്ന ഈ യാത്രയിൽ, ഹോളിവുഡ് ആഖ്യാനരീതികൾ മുതൽ റഷ്യൻ മൊണ്ടാഷ്, യൂറോപ്യൻ ന്യൂവേവ്, പുതിയകാല അതിർത്തികൾ കടന്ന സിനിമാഭാഷകൾ എന്നിവ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാകും പ്രദർശിപ്പിക്കുക.
ഇതിനോടനുബന്ധിച്ച് സെപ്റ്റംബർ 12, 13 തീയതികളിൽ മുളന്തുരുത്തിയിലെ ആലയിൽ വെച്ച് 'ഐസ് ബ്രേക്കർ ടു സിനിമ' എന്ന പേരിൽ രണ്ട് ദിവസത്തെ ഇന്റൻസീവ് സിനിമാ വർക്ക്ഷോപ്പ് നടക്കും. സംവിധാനം, തിരക്കഥ, പ്രൊഡക്ഷൻ, ഫിലിം അപ്രിസിയേഷൻ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന പരിശീലനത്തിന് ചലച്ചിത്രകാരനും അക്കാദമീഷ്യനുമായ അച്യുതൻകുട്ടിയാണ് നേതൃത്വം നൽകുന്നത്. പൊതുവിഭാഗത്തിന് 1,999 രൂപയും വിദ്യാർത്ഥികൾക്ക് 1,500 രൂപയുമാണ് ഫീസ്. രജിസ്റ്റർ ചെയ്യുന്നവർക്ക് ഭക്ഷണവും താമസസൗകര്യവും ലഭ്യമായിരിക്കും.
സെപ്റ്റംബർ 13-ന് വൈകിട്ട് അഞ്ച് മണിക്ക് ഡോ. വിഷ്ണുരാജ് പി. രചിച്ച 'ദൃശ്യപാഠങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. കെ.പി. ജയകുമാർ നിർവഹിക്കും. തുടർന്ന് വൈകിട്ട് 6.30-ന് ഫാത്തിഹ് അകിൻ സംവിധാനം ചെയ്ത ജർമൻ ചിത്രമായ 'ഗുഡ്‌ബൈ ബെർലിൻ' പ്രദർശിപ്പിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 94471 94411, 94954 26570 എന്നീ നമ്പറുകളിലോ www.alatheatre.com എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Ala Film Collective announces a two-day cinema workshop titled 'Ice Breaker to Cinema' on September 12 and 13 in Mulanthuruthy.