‘ഒരു ദിവസം 8-9 ലക്ഷം രൂപ വരെ കിട്ടുമായിരുന്നു’: ജാനി ദുഷ്മൻ കാലത്തെക്കുറിച്ച് അക്ഷയ് കുമാർ

കാലക്രമേണ ഒരു ‘കൾട്ട് പദവി’ നേടിയ ചിത്രമാണ് അക്ഷയ് കുമാറിന്റെ ജാനി ദുഷ്മൻ: ഏക് അനോഖി കഹാനി. റിലീസ് ചെയ്ത സമയത്ത് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും, ഇന്ന് ‘സോ ബാഡ് ഇറ്റ്സ് ഗുഡ്’ (മോശമെങ്കിലും ആസ്വദിക്കാവുന്നത്) എന്ന ഗണത്തിലാണ് ഈ സിനിമയെ സോഷ്യൽ മീഡിയ കാണുന്നത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, ഈ ചിത്രത്തിൽ അഭിനയിച്ചപ്പോൾ തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച് അക്ഷയ് കുമാർ മനസ്സ് തുറന്നു.
ശുഭങ്കർ മിശ്രയുമായുള്ള സംഭാഷണത്തിൽ, ചിത്രത്തിനായി ഒരു നിശ്ചിത തുകയല്ല, മറിച്ച് ഓരോ ദിവസത്തെയും കണക്കിനാണ് തനിക്ക് പണം ലഭിച്ചിരുന്നതെന്ന് അക്ഷയ് വെളിപ്പെടുത്തി. ‘അക്കാലത്ത് എനിക്ക് അത്യാവശ്യം നല്ല തുക ലഭിച്ചിരുന്നു; ഒരു ദിവസത്തേക്ക് ഏകദേശം 8 മുതൽ 9 ലക്ഷം രൂപ വരെയായിരുന്നു പ്രതിഫലം’-അദ്ദേഹം പറഞ്ഞു.
തന്റെ കഥാപാത്രം മരിച്ചിട്ടും സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയതിനെക്കുറിച്ച് രസകരമായ ഒരു സംഭവവും അക്ഷയ് പങ്കുവെച്ചു. ആ സമയത്ത് ഒരു ഫ്ലാറ്റ് വാങ്ങാനുള്ള പണത്തിന്റെ ആവശ്യമുണ്ടായിരുന്നതിനാൽ കൂടുതൽ ദിവസം ജോലി ചെയ്യാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു.
"സിനിമയിൽ അർമാൻ കോഹ്ലിയുടെ കഥാപാത്രം എന്നെ കൊല്ലുന്നുണ്ട്. എന്റെ ജോലി കഴിഞ്ഞു. പക്ഷേ എനിക്ക് പണത്തിന്റെ ആവശ്യമുണ്ടായിരുന്നു. ഞാൻ സംവിധായകൻ രാജ്കുമാർ കോഹ്ലിയുടെ അടുത്ത് പോയി, മറ്റൊരു നടന്റെ ഡേറ്റ് ലഭ്യമല്ലാത്തതിനാൽ ഞാൻ തന്നെ തിരിച്ചു വരട്ടെ എന്ന് ചോദിച്ചു. 'നീ മരിച്ചുപോയല്ലോ' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ മറുപടി’.
എന്നാൽ അല്പസമയത്തിന് ശേഷം സംവിധായകൻ ഒരു പോംവഴി കണ്ടെത്തി. ‘അക്ഷയ്, ഞാൻ നിന്റെ കഥാപാത്രത്തെ കൊല്ലാതെ കോമയിലാക്കാം, അങ്ങനെ നിനക്ക് തിരിച്ചു വരാം’ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അഞ്ച് ദിവസം കൂടി ഫൈറ്റ് സീക്വൻസുകളിൽ അഭിനയിക്കാനും അതിനുള്ള പ്രതിഫലം വാങ്ങാനും അക്ഷയ്ക്ക് സാധിച്ചു. അക്ഷയ് ഓർക്കുന്നു.
രാജ്കുമാർ കോഹ്ലി സംവിധാനം ചെയ്ത അവസാന ചിത്രമായിരുന്നു ജാനി ദുഷ്മൻ: ഏക് അനോഖി കഹാനി. അക്ഷയ് കുമാറിനെ കൂടാതെ സണ്ണി ഡിയോൾ, സുനിൽ ഷെട്ടി, സോനു നിഗം, അർഷാദ് വർസി, മനീഷ കൊയ്‌രാള തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.
Content Highlights: Akshay Kumar revealed that he requested the director of Jaani Dushman to bring his character back from the dead via a "coma" plot twist so he could earn extra daily wages to fund his new flat.