നടൻ അക്ഷയ് കുമാറിന്റെ മകളോട് നഗ്നചിത്രം ആവശ്യപ്പെട്ടു; പ്രതി അറസ്റ്റിലായെന്ന് പോലീസ്

ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ മകൾക്കെതിരായ സൈബർ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്ര സൈബർ വിഭാഗം അഡീഷണൽ ഡി.ജി.പി. യശസ്വി യാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൈബർ വിഭാഗം ആർഡി നാഷണൽ കോളേജിൽ നടത്തിയ സൈബർ ബോധവത്കരണ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അക്ഷയ് കുമാറിന്റെ 13-കാരിയായ മകളോട് നഗ്നചിത്രങ്ങൾ അയക്കാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് കുട്ടിയോട് നഗ്നചിത്രങ്ങൾ പ്രതി ആവശ്യപ്പെട്ടത്.
'നടൻ അക്ഷയ് കുമാറിന് വളരെ നടുക്കുന്ന ഒരു അനുഭവമുണ്ട്. സ്വന്തം മകൾ സൈബർ ലൈംഗികാതിക്രമം നേരിട്ടുവെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ആ പെൺകുട്ടി വളരെ ധൈര്യശാലിയായിരുന്നു. അവൾ സംഭവം മാതാപിതാക്കളോട് പറഞ്ഞു. അവർ വഴി ഞങ്ങൾക്ക് വിവരം ലഭിച്ചു. അങ്ങനെയാണ് ഈ കേസ് ഞങ്ങൾ അന്വേഷിക്കുന്നത്.' -യശസ്വി യാദവ് ബോധവത്കരണ പരിപാടിയിൽ വിദ്യാർഥികളോട് പറഞ്ഞു.
തുടർന്ന് അദ്ദേഹം അക്ഷയ് കുമാർ സംസാരിക്കുന്നതിന്റെ വീഡിയോ കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. 2025 ഒക്ടോബറിലെ വീഡിയോയായിരുന്നു അത്. തന്റെ മകൾക്കുണ്ടായ ദുരനുഭവമാണ് താരം വീഡിയോയിൽ പറഞ്ഞത്.
'മാസങ്ങൾക്ക് മുമ്പ് എന്റെ വീട്ടിലുണ്ടായ ഒരു സംഭവം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു. അപരിചിതർക്കൊപ്പം ഓൺലൈനായി കളിക്കാൻ കഴിയുന്ന ചില വീഡിയോ ഗെയിമുകളുണ്ട്. ഗെയിം കളിക്കുന്നതിനിടെ നിങ്ങൾക്ക് മെസേജുകൾ വരും. അത് വളരെ നന്നായിരുന്നു, നിങ്ങൾ ഗംഭീരമാണ് എന്നെല്ലാം വളരെ മാന്യമായ സന്ദേശങ്ങൾ. പൊടുന്നനെ അവളോട് ഒരാൾ ചോദിച്ചു എവിടെയാണ് സ്ഥലം എന്ന്. അവൾ മുംബൈ എന്ന് പറഞ്ഞു.' -അക്ഷയ് കുമാർ പറഞ്ഞു.
'കാര്യങ്ങൾ സാധാരണ നിലയിൽ തന്നെ മുന്നോട്ട് പോയി. നന്നായി കളിച്ചുവെന്ന് അയാൾ അവൾക്ക് വീണ്ടും മെസേജ് അയച്ചു. വളരെ മാന്യമായ മെസേജ്. സ്ത്രീയാണോ പുരുഷനാണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അടുത്ത മെസേജ്. സ്ത്രീയാണെന്ന് അവൾ പറഞ്ഞു. അങ്ങനെ സംഭാഷണം തുടർന്നു. 'നിന്റെ നഗ്നചിത്രം അയക്കാമോ' എന്ന് പൊടുന്നനെ അയാൾ ചോദിച്ചു. അവൾ എല്ലാം ഓഫ് ചെയ്ത് നേരെ പോയി എന്റെ ഭാര്യയോട് ഉണ്ടായ സംഭവം പറഞ്ഞു.'
'സംഭവം അമ്മയോട് തുറന്നുപറഞ്ഞത് അവളുടെ മികച്ച തീരുമാനമായിരുന്നു. നടന്നത് സൈബർ കുറ്റകൃത്യമാണ്. കുട്ടികൾ മാത്രമല്ല, മുതിർന്നവരും വഴിതെറ്റിപ്പോകും. കുറ്റവാളികൾക്ക് പണം നൽകേണ്ടതായി വരും. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ ആത്മഹത്യകൾ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. നമ്മുടെ കുട്ടികൾ അവബോധമുള്ളവരായിരിക്കുക എന്നത് ഈ ഡിജിറ്റൽ ലോകത്ത് അനിവാര്യമായ കാര്യമാണ്.' -അക്ഷയ് കുമാർ പറഞ്ഞു.
Content Highlights: Maharashtra Cyber Police arrested a man for sexually harassing Bollywood actor Akshay Kumar’s 13-year-old daughter by demanding inappropriate photos during an online game. The actor revealed that the predator initially sent polite messages before making the explicit demand, but the minor's brave decision to inform her parents immediately led to the investigation. Akshay Kumar used the incident to urge digital awareness, warning that such cybercrimes can lead to financial extortion and severe mental distress if not reported.