കാറിനടിയിൽപ്പെട്ട് ഓട്ടോ, രക്ഷിക്കാനിറങ്ങി താരം; അക്ഷയ് കുമാറിന്റെ സുരക്ഷാവാഹന അപകടദൃശ്യങ്ങൾ പുറത്ത്

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ വാഹനവ്യൂഹത്തിലെ ഒരു കാർ അപകടത്തിൽപ്പെട്ടതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. കാറിനടിയിൽപ്പെട്ട് തകർന്നനിലയിലാണ് ഓട്ടോറിക്ഷ. രണ്ട് പേർക്ക് നിസ്സാരപരിക്കുകളുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ മുംബൈയിലെ ജുഹുവിൽ വെച്ചായിരുന്നു അപകടം.
അമിതവേഗതയിലെത്തിയ ഒരു മെഴ്സിഡസ് കാർ ആദ്യം ഒരു ഓട്ടോറിക്ഷയിൽ ഇടിക്കുകയും, പിന്നീട് ഈ വാഹം അക്ഷയ് കുമാറിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഇന്നോവ കാറിൽ വന്നിടിക്കുകയുമായിരുന്നു. ആ സമയത്ത് അക്ഷയ് കുമാറും ഭാര്യയും തൊട്ടുമുന്നിലുള്ള മറ്റൊരു കാറിലായിരുന്നു സഞ്ചരിച്ചിരുന്നത്. താരത്തിന്റെ കാറിലും ചെറിയ രീതിയിൽ ഉരസലുകൾ ഉണ്ടായെങ്കിലും വലിയ അപകടം ഒഴിവാകുകയായിരുന്നു. കൂട്ടിയിടി ഗുരുതരമായിരുന്നെങ്കിലും ഓട്ടോ ഡ്രൈവറും യാത്രക്കാരനും രക്ഷപ്പെട്ടു. കാറിനടിയിൽപ്പെട്ട് തകർന്ന നിലയിലാണ് ഓട്ടോറിക്ഷ. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ നടനും അദ്ദേഹത്തോടൊപ്പമുള്ളവരും വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് കൊണ്ട് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.
സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും യാത്രക്കാരനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ, അക്ഷയ് കുമാറിന്റെ ടീം ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Content Highlights: An escort vehicle from Akshay Kumar`s convoy was involved in a serious road accident in Mumbai, injuring at least two. Akshay Kumar rushed to help.