‘അവരും ഇന്ത്യക്കാരാണ്, രാജ്യത്തിനായ് രക്തം ചിന്തിയവർ’; വടക്കുകിഴക്കൻ ജനതയെ പിന്തുണച്ച് അക്ഷയ് കുമാർ

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ അനുഭവിക്കുന്ന വിവേചനത്തിനെതിരെ സംസാരിച്ച് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. ഈ മേഖലയിലെ ജനങ്ങൾ നേരിടുന്ന വിവേചനത്തിൽ അദ്ദേഹം നടുക്കം പ്രകടിപ്പിച്ചു. അവരും ഇന്ത്യക്കാരാണെന്നുപറഞ്ഞ താരം ഈ വിഷയത്തിൽ ശക്തമായി അപലപിച്ചു. വിൽ ഓഫ് ഫോർച്യൂൺ എന്ന ടിവി ഷോയിലായിരുന്നു ഇത്.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നിൽനിന്നുള്ള യുവാവായിരുന്നു അക്ഷയ് കുമാർ അവതരിപ്പിക്കുന്ന ഷോയിലെ മത്സരാർത്ഥി. ഈ യുവാവാണ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കേ താൻ നേരിട്ട വിവേചനത്തെക്കുറിച്ച് അനുഭവം പങ്കിട്ടത്. മുംബൈയിൽവെച്ചാണ് തനിക്ക് ക്രൂരമായ വിവേചനം നേരിട്ടതെന്ന് യുവാവ് പറഞ്ഞു. തന്റെ മുഖവും രൂപവും കാരണം ആളുകൾ പരിഹസിച്ചു. തന്നോട് ചൈനയിലേക്ക് പോകാൻ പറഞ്ഞുവെന്നും കോവിഡ് പടർത്തിയത് നീയല്ലേ എന്ന് ചോദിച്ചെന്നും ഇദ്ദേഹം ഷോയിൽ പറഞ്ഞു.
ഇതുകേട്ട് നടുക്കം രേഖപ്പെടുത്തിയ അക്ഷയ് കുമാർ തന്റെ മേക്കപ്പമാനായ കിം എന്ന മണിപ്പൂർ സ്വദേശിയെ വേദിയിലേക്ക് വിളിച്ചു. മണിപ്പൂരുകാരനാണെന്ന കാരണത്താൽ താനും പലപ്പോഴും കളിയാക്കലുകളും വംശീയാധിക്ഷേപവും നേരിട്ടിട്ടുണ്ടെന്ന് കിം പറഞ്ഞു. ഇതുകൂടി കേട്ടതോടെ അക്ഷയ്കുമാർ അസ്വസ്ഥത പ്രകടിപ്പിക്കുകയും വിഷയത്തെ അപലപിക്കുകയും ചെയ്തു.
"ഇന്ന്, കിമ്മിൻ്റെ വാക്കുകൾ കേട്ടപ്പോൾ, ഇതൊക്കെ സംഭവിക്കുന്നുണ്ടെന്ന് എനിക്ക് ബോധ്യമായി. ഇന്ത്യയിലെ എല്ലാ ജനങ്ങളോടും എനിക്ക് പറയാനുള്ളത് ഇതാണ്, വടക്കുകിഴക്കൻ മേഖലയിലുള്ളവർക്കെതിരെ വിവേചനം നിലവിലുണ്ട്. അവരെല്ലാം ഇന്ത്യക്കാരാണ്. ഞാനും നിങ്ങളും, ഇവിടെയിരിക്കുന്നവരും എത്രത്തോളം ഇന്ത്യക്കാരാണോ അത്രത്തോളം അവരും ഇന്ത്യക്കാരാണ്. ഈ രാജ്യത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. നാഗ റെജിമെൻ്റ്... കാർഗിൽ യുദ്ധം, ബംഗ്ലാദേശ് യുദ്ധം. രാജ്യത്തിനുവേണ്ടി ചോര നൽകിയിട്ടുള്ളവരാണ് അവർ. അവർ ഇന്ത്യക്കാരാണ്, ഇത് ഓർമ്മിക്കുക." അക്ഷയ് കുമാറിന്റെ വാക്കുകൾ.
പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഭൂത് ബംഗ്ലാ ആണ് അക്ഷയ് കുമാറിന്റേതായി വരുന്ന പ്രധാന ചിത്രങ്ങളിലൊന്ന്. ഹൊറർ കോമഡി ജോണറിലൊരുങ്ങിയ ചിത്രം ഏപ്രിൽ 10-ന് തിയേറ്ററുകളിലെത്തും. പ്രിയദർശൻ തന്നെ ഒരുക്കുന്ന ഹൈവാനിൽ സെയ്ഫ് അലി ഖാനൊപ്പം അക്ഷയ് കുമാറും പ്രധാനവേഷത്തിലുണ്ട്. വെൽക്കം ടു ദ ജംഗിൾ ആണ് അക്ഷയ് കുമാർ മുഖ്യവേഷത്തിലെത്തുന്ന മറ്റൊരു ചിത്രം.
Content Highlights: Northeast Indian Discrimination Highlighted: Akshay Kumar's Powerful Stand on National TV