അഖിൽ പി ധർമ്മജന്റെ 'റാം c/o ആനന്ദി' സിനിമയാകുന്നു; ചിത്രമൊരുക്കുന്നത് നവാഗത സംവിധായിക അനുഷ പിള്ള

ചടങ്ങിൽ നിന്നും
ചടങ്ങിൽ നിന്നും

യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ 'റാം c/o ആനന്ദി' സിനിമയാകുന്നു. വെൽത്ത് ഐ സിനിമാസിന്റെ ബാനറിൽ നിർമ്മാതാവ് വിഘ്‌നേഷ് വിജയകുമാറാണ് പുസ്തകം സിനിമായാക്കുന്നത്. നവാഗത അനുഷ പിള്ളയാണ് സംവിധായിക. 

കൊച്ചി ഗ്രാൻ്റ് ഹയാത്തിൽ നടന്ന ചടങ്ങിൽ വെൽത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്‌നേഷ് വിജയകുമാറും സംവിധായകനും വെൽത്ത് ഐ സിനിമാസ് ജൂറിചെയർമാൻ കൂടിയായ കമലും ചേർന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മലയാളം തമിഴ് ഭാഷകളിലായി അണിയിച്ചൊരുക്കുന്ന സിനിമയിൽ ഇരു സിനിമാ മേഖലയിലെയും പ്രമുഖതാരങ്ങൾ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും പ്രമേയമാകുന്ന ചിത്രത്തിലൂടെ മറ്റൊരു വനിത സംവിധായിക കൂടി മലയാള സിനിമയിലേക്ക് എത്തുകയാണ്. സംവിധായകൻ കമലിന്റെ അസോസിയേറ്റ് ഡയറക്ടറായ അനുഷ, വികെ പ്രകാശിന്റെ കൂടെയും സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.

പ്രതിവർഷം മൂന്ന് സിനിമകൾ എന്ന ലക്ഷ്യത്തോടെ ലോഞ്ചുചെയ്ത വെൽത്ത്-ഐ സിനിമാസ് സിനിമയിൽ നിന്നു കിട്ടുന്ന വരുമാനം അവശകലാകാരന്മാരുടെ പുനരധിവാസത്തിനായി നീക്കിവെക്കുമെന്ന് നിർമ്മാതാവ് വിഘ്‌നേഷ് വിജയകുമാർ അറിയിച്ചു. 

Content Highlights: akhil p dharmajan novel ram c/o anandi