'വേതാളം' തെലുങ്കിൽ 'ഭോലാ ശങ്കർ'; ചിരഞ്ജീവിക്ക് നായിക തമന്ന, കീർത്തിയും പ്രധാന വേഷത്തിൽ

ചിരഞ്ജീവി നായകനായെത്തുന്ന ഭോലാ ശങ്കറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അജിത് നായകനായെത്തിയ സൂപ്പർഹിറ്റ് തമിഴ് ചിത്രം വേതാളത്തിന്റെ തെലുങ്ക് റീമേയ്ക്ക് ആണ് ഭോലാ ശങ്കർ. മെഹർ രമേഷാണ് ചിത്രം സംവിധാനംചെയ്യുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.
തമന്നയാണ് ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായെത്തുന്നത്. കീർത്തി സുരേഷ് സഹോദരിയായും വേഷമിടുന്നു. ഡൂഡ്‍ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. രഘു ബാബു, റാവു രമേശ്, മുരളി ശർമ, വെണ്ണല കിഷോർ, തുളസി, പ്രഗതി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
രാമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിർമിക്കുന്നത്. അജിത് ചിത്രം 'ബില്ല' തെലുങ്കിലേക്ക് റീമേക്ക് ചെയ്‍ത സംവിധായകനാണ് മെഹർ രമേഷ്.
മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫറും ചിരഞ്ജീവി തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യുന്നുണ്ട്. ഗോഡ്ഫാദർ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മോഹൻരാജയാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതിന് പുറമേ ആചാര്യ എന്ന ചിത്രവും ചിരഞ്‍ജീവിയുടേതായി റിലീസിന് തയ്യാറായിട്ടുണ്ട്.
ചിരഞ്‍ജീവിയും മകൻ രാം ചരണും ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ആചാര്യയ്ക്കുണ്ട്. കൊരടാല ശിവ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊരടാല ശിവയുടേത് തന്നെയാണ് ചിത്രത്തി്നറെ തിരക്കഥയും.
Content Highlights: Ajith Tamil Movie Vedalam Telugu Remake Bholaa Shankar Starring Chiranjeevi Tamanna Keerthy