ആരാധകർക്ക് കൈ കൊടുക്കുന്നതിനിടെ ആരോ ബ്ലേഡുകൊണ്ട് വരഞ്ഞു, ചോരയൊലിക്കുന്ന കൈയുമായാണ് മടങ്ങിയത്, ഇപ്പോഴും ആ പാടുണ്ട് -അജിത്

യഥാർത്ഥ ജീവിതത്തിലും റേസിംഗ് ട്രാക്കിലും സിനിമയിലുമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സംസാരിച്ച് നടൻ അജിത് കുമാർ. റേസിംഗിനിടെയും അല്ലാതെയും സംഭവിച്ച പരിക്കുകളെക്കുറിച്ച് അദ്ദേഹം മനസുതുറന്നു. റേസിംഗ് എന്നത് വേഗത മാത്രമല്ല, ജാഗ്രത കൂടിയാണെന്ന് അദ്ദേഹം 'ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യുമായുള്ള സംഭാഷണത്തിൽ പറഞ്ഞു.
ഈ വർഷം ആദ്യം വലൻസിയയിൽ നടന്ന സതേൺ യൂറോപ്യൻ കപ്പിൽ അജിത്തിൻ്റെ കാർ പലതവണ തലകീഴായി മറിഞ്ഞിരുന്നു. ഈ സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് താരം അഭിമുഖത്തിൽ സംസാരിച്ചത്. അപകടത്തിൽപ്പെടുമ്പോൾ, സാഹചര്യം വിലയിരുത്തുക എന്നതാണ് തൻ്റെ ആദ്യത്തെ ചിന്തയെന്ന് അജിത് പറഞ്ഞു. തനിക്ക് പരിക്കേറ്റിട്ടുണ്ടോ, അത് എത്രത്തോളം ഗുരുതരമാണ്, കാറിന് എന്ത് കേടുപാടുകൾ സംഭവിച്ചു, തനിക്ക് വീണ്ടും മുന്നോട്ട് പോകാൻ കഴിയുമോ എന്നൊക്കെ പരിശോധിക്കണം. ശരീരത്തിനും കാറിനും കുഴപ്പമില്ലെന്ന് ഉറപ്പിച്ചുകഴിഞ്ഞാൽ, അഡ്രിനാലിൻ നിങ്ങളെ കീഴടക്കും. ഡിഎൻഎഫ് (Did Not Finish) ഒഴിവാക്കുന്നതിനെക്കുറിച്ച് മാത്രമേ ചിന്തിക്കാൻ കഴിയൂ. 'ഈ റേസ് പൂർത്തിയാക്കിയേ മതിയാവൂ' എന്ന് മാത്രമായിരിക്കും മനസ്സിലെ ചിന്തയെന്നും അജിത് പറഞ്ഞു.
റേസിംഗ് പരിശീലനമോ മത്സരമോ നഷ്ടപ്പെടുത്തേണ്ടിവരുന്ന അത്ര ഗുരുതരമായ പരിക്കുകൾ തനിക്ക് ഉണ്ടായിട്ടില്ലെന്ന് നടൻ വ്യക്തമാക്കി. എന്നാൽ സിനിമാ ജീവിതത്തിൻ്റെ ഭാഗമായി താൻ 29 ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെന്ന് അജിത് തുറന്നുപറഞ്ഞു.
"2005ൽ ഒരു സംഭവമുണ്ടായി. ആരാധകർ കൂടി നിന്നയിടത്തേക്ക് ഞാൻ കൈവീശി. എല്ലാവർക്കും കൈകൊടുത്ത് കാറിലേക്ക് കയറി നോക്കുമ്പോൾ എന്റെ ഉള്ളം കയ്യിൽ നിന്ന് രക്തം ഒലിക്കുകയായിരുന്നു. ആരോ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞതാണ്. ഇപ്പോഴും ആ പാട് എന്റെ ഉള്ളംകയ്യിൽ കാണാം. മറ്റൊരിക്കൽ, എന്നെ കാണാൻ കയ്യിൽ ബ്ലേഡുമായി കാത്തുനിന്ന ഒരാളെ എന്റെ കൂടെയുണ്ടായിരുന്നവർ പിടിച്ചുമാറ്റിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ഞാൻ പരമാവധി വീട്ടിൽ തന്നെ കഴിയുകയാണ് ചെയ്യുന്നത്.’’– അജിത് പറഞ്ഞു.
"ഒപ്പം ജീവിക്കാൻ എളുപ്പമുള്ള ഒരാളാണ് ഞാനെന്ന് തോന്നുന്നില്ല. ഞാൻ ശാലിനിയെ വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്. പക്ഷേ അവളെന്നെ എപ്പോഴും പിന്തുണച്ചിട്ടേയുള്ളൂ. അവളുടെ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. കുട്ടികളുണ്ടാകുന്നതിനു മുൻപുവരെ ശാലിനിയും എന്റെ കൂടെ റേസിങ്ങിനായി യാത്ര ചെയ്യുമായിരുന്നു." തന്റെ എല്ലാ വിജയത്തിനും ഭാര്യ ശാലിനിയോടാണ് കടപ്പെട്ടിരിക്കുന്നത് എന്ന് അജിത് സൂചിപ്പിച്ചതിങ്ങനെയായിരുന്നു.
വിജയത്തേക്കുറിച്ചും സമ്പത്തിനേക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് അജിത് അഭിമുഖത്തിൽ പറയുന്നുണ്ട്. "ജീവിതത്തിൽ, ഒന്നുകിൽ നിങ്ങൾക്ക് പരാതിപ്പെടാം, അല്ലെങ്കിൽ പാഠങ്ങൾ പഠിച്ച് മുന്നോട്ട് പോകാം. സാമ്പത്തികമായി ഭദ്രതയുണ്ടാകുമ്പോൾ, പണം കൊണ്ട് എന്ത് വാങ്ങാനാകുമെന്നും വാങ്ങാൻ കഴിയില്ലെന്ന് നിങ്ങൾ തിരിച്ചറിയും. സമ്പത്തിന് നിങ്ങളെ ഒരു ഭീകരജീവിയാക്കാൻ കഴിയും. വിജയം ഒരു കാട്ടുകുതിരയെപ്പോലെയാണ്. ആർക്ക് വേണമെങ്കിലും അതിൻ്റെ പുറത്ത് കയറാം. എന്നാൽ അതിനെ മെരുക്കാൻ കഴിഞ്ഞില്ലെങ്കിൽ, അടുത്തയാൾക്കുവേണ്ടി കാത്തിരുന്നുകൊണ്ട് അത് നിങ്ങളെ താഴേക്ക് എറിഞ്ഞുകളയും." അജിത് കൂട്ടിച്ചേർത്തു.
Content Highlights: Beyond the Speed: Ajith Kumar's Philosophy on Racing, Risk, and Real Life