തിയേറ്ററിന് ‘തീയിട്ട്’ ആരാധകർ;അജിത്തിന്റെ എൻട്രിക്കിടെ പടക്കംപൊട്ടിച്ചു,അപകടം ഒഴിവായത് തലനാരിഴയ്ക്ക്

#Movie Desk
'മങ്കാത്ത'യില്‍ അജിത്തിന്റെ എന്‍ട്രിക്കിടെ പടക്കംപൊട്ടിക്കുന്ന ആരാധകര്‍, 'മങ്കാത്ത' റീ- റിലീസ് പോസ്റ്റര്‍ | Photo: Screen grab/ X: Shubhankar, X/ Sun Pictures
'മങ്കാത്ത'യില്‍ അജിത്തിന്റെ എന്‍ട്രിക്കിടെ പടക്കംപൊട്ടിക്കുന്ന ആരാധകര്‍, 'മങ്കാത്ത' റീ- റിലീസ് പോസ്റ്റര്‍ | Photo: Screen grab/ X: Shubhankar, X/ Sun Pictures

അജിത് കുമാർ ചിത്രം 'മങ്കാത്ത'യുടെ റീ- റിലീസ് ആരാധകരുടെ ആഘോഷം അതിരുവിട്ടു. കോയമ്പത്തൂരിലെ തിയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച ആരാധകർക്കെതിരേ പോലീസ് കേസെടുത്തു. സ്‌ക്രീനിൽ അജിത്തിന്റെ എൻട്രിക്കിടെ ആരാധകർ പടക്കംപൊട്ടിക്കുകയായിരുന്നു.

കോയമ്പത്തൂരിലെ കർപ്പാഗം തിയേറ്ററിലായിരുന്നു സംഭവം. ആളപായമില്ലെങ്കിലും പോലീസ് കേസെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തിയേറ്ററിനുള്ളിൽ പടക്കം പൊട്ടുന്നതിന്റെ ദൃശ്യം അജിത്ത് ഫാൻസ് തന്നെ പ്രചരിപ്പിക്കുന്നുണ്ട്. ആലങ്കാരികമായി ഉപയോഗിക്കാറുള്ള തിയേറ്റർ കത്തിച്ചുവെന്ന പ്രയോഗം അജിത്ത് ആരാധകർ യാഥാർഥ്യമാക്കിയേനെയെന്നാണ് പരിഹാസ കമന്റുകളായി സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

2011-ൽ പുറത്തിറങ്ങിയ 'മങ്കാത്ത' വെള്ളിയാഴ്ചയാണ് വീണ്ടും തിയേറ്ററിലെത്തിയത്. വിജയ്‌യുടെ 'തെരി'യ്‌ക്കൊപ്പമായിരുന്നു 'മങ്കാത്ത'യുടെ ക്ലാഷ് റിലീസ്.

എസിപി വിനായക് മഹാദേവൻ എന്ന കഥാപാത്രമായി അജിത്ത് എത്തിയ ചിത്രമാണ് 'മങ്കാത്ത'. വെങ്കട് പ്രഭു സംവിധാനംചെയ്ത ചിത്രത്തിൽ തൃഷ ആയിരുന്നു നായിക. യുവാൻ ശങ്കർ രാജ സംഗീതമൊരുക്കിയ ചിത്രം 2011-ലായിരുന്നു പുറത്തിറങ്ങിയത്.

Content Highlights: Ajith Kumar`s `Mankatha` re-release sparks chaos as fans set off fireworks inside a Coimbatore theatre. Police file case