'പൊളിച്ചുനീക്കിയത് അജയ് ദേവ്ഗൺ താമസിക്കുന്ന വസതിയുടെ ഭാഗങ്ങളല്ല'; വിശദീകരണവുമായി നടന്റെ ടീം

മുംബൈ ജുഹുവിലെ ബംഗ്ലാവിന്റെ ഒരുഭാഗം മുംബൈ കോർപ്പറേഷൻ (ബി.എം.സി) പൊളിച്ചുനീക്കിയെന്ന വാർത്തകളിൽ വിശദീകരണവുമായി അജയ് ദേവ്ഗണിന്റെ ടീം. പൊളിച്ചുനീക്കൽ നടന്നത് അജയ് ദേവ്ഗൺ താമസിക്കുന്ന വസതിയിലല്ലെന്നും വാടകയ്ക്ക് നൽകിയിരിക്കുന്ന മറ്റൊരു കെട്ടിടത്തിലാണെന്നും അദ്ദേഹത്തിന്റെ ടീം വ്യക്തമാക്കി.
ബി.എം.സി. നിർദേശിച്ച മാറ്റങ്ങൾ കെട്ടിടത്തിൽ വരുത്തിയിട്ടുണ്ട്. നിയമങ്ങളും ചട്ടങ്ങളും പൂർണമായും പാലിക്കപ്പെട്ടിട്ടുണ്ട്. അനുമതികൾക്കായി ബി.എം.സിയെ സമീപിച്ചു. ആവശ്യപ്പെട്ട ഭേദഗതികളും മാറ്റങ്ങളും വരുത്തിക്കഴിഞ്ഞതായി നടന്റെ പ്രതിനിധികൾ അറിയിച്ചു.
ജുഹുവിലെ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിൽ സ്ഥിതി ചെയ്യുന്ന 7,802 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവ് അജയ് ദേവ്ഗണിന്റെയും അമ്മ വീണ ദേവ്ഗണിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ്. അനുമതിയില്ലാതെ അറ്റകുറ്റപ്പണി നടത്തി മാറ്റങ്ങൾ വരുത്തിയെന്ന് ആരോപിച്ച് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് സെക്ഷൻ 354എ പ്രകാരം സെപ്റ്റംബർ 10-നാണ് നോട്ടീസ് നൽകിയത്. നിർമാണം ഉടൻ നിർത്തിവെക്കാനും ആവശ്യമായ അനുമതി പത്രങ്ങൾ ഹാജരാക്കാനും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.
ALSO READ | അനധികൃത നിർമാണം; അജയ് ദേവ്ഗണിന്റെ 7,802 ചതുരശ്ര അടി ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി
തുടർന്ന് ഒക്ടോബർ ആറിന് കെട്ടിട ഉടമകൾ നൽകിയ മറുപടി അധികൃതർ തള്ളി. നിർമാണം അനധികൃതമാണെന്ന് കണക്കാക്കി പൊളിച്ചുനീക്കാൻ നിർദേശിക്കുകയായിരുന്നു.
Content Highlights: Ajay Devgn's team clarified that the BMC demolition did not affect his personal residence. The action was taken at a separate rented property jointly owned by Ajay and his mother Veena Devgn. Reps stated that all required modifications requested by BMC have been completed in full compliance. BMC had issued a notice under Section 354A on September 10 regarding unapproved structural repairs. Authorities rejected the owners' response submitted on October 6 and proceeded with removing unauthorized parts.