അനധികൃത നിർമാണം; അജയ് ദേവ്ഗണിന്റെ 7,802 ചതുരശ്ര അടി ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

മുംബൈ: അനധികൃത നിർമാണങ്ങളുടെപേരിൽ പ്രമുഖ ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ ജുഹുവിലുള്ള ആഡംബര ബംഗ്ലാവിന്റെ ഭാഗങ്ങൾ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി.) പൊളിച്ചുനീക്കി. ജുഹുവിലെ കപോലെ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയിൽ സ്ഥിതിചെയ്യുന്ന 7,802 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവിലാണ് അധികൃതരുടെ കർശന നടപടി.
ബംഗ്ലാവ് നിർമിക്കാൻ മുനിസിപ്പൽ കോർപ്പറേഷന്റെ അനുമതികളില്ലാതെ ആന്തരികമാറ്റങ്ങൾ വരുത്തുക, പാർട്ടീഷൻ ചുമരുകൾ നിർമിക്കുക, ജനലുകളിൽ മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ഘടനാപരമായ ജോലികൾ നടന്നുവരുകയായിരുന്നുവെന്ന് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 10-ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ബി.എം.സി. നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നിർമാണജോലികൾ ഉടൻ നിർത്തിവെക്കാനും സാധുവായ രേഖകൾ ഹാജരാക്കാനുമായിരുന്നു നോട്ടീസിലെ നിർദേശം.
എന്നാൽ, ഈ ഉത്തരവുകളെല്ലാം കാറ്റിൽപ്പറത്തി നിർമാണപ്രവർത്തനങ്ങൾ തുടർന്നതോടെയാണ് ബി.എം.സി. അധികൃതർ നേരിട്ടെത്തി അനധികൃത ഭാഗങ്ങൾ തകർത്തത്. ഉദ്യോഗസ്ഥർ ചുറ്റിക ഉപയോഗിച്ച് അനധികൃത നിർമാണങ്ങൾ തകർക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫ്ലോറിയൻ ഹുറെൽ സലൂൺ പ്രൈവറ്റ് ലിമിറ്റഡിന് വാടകയ്ക്ക് നൽകിയ ഭാഗത്താണ് ഈ അനധികൃത മാറ്റങ്ങൾ വരുത്തിയതെന്നാണ് റിപ്പോർട്ട്.
Content Highlights: BMC demolished unauthorized structural portions of Ajay Devgn's 7,802 sq ft bungalow in Juhu. Structural changes, partition walls, and window modifications were done without municipal permission. BMC issued a stop-work notice on September 10 demanding valid construction documents. Action was taken after construction continued despite officials issuing the initial notice. The unauthorized alterations were made in the portion rented out to Florian Hurel Salon Pvt Ltd.