'എനിക്ക് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചപ്പോള്‍ ആഘോഷങ്ങളോ ആദരവോ ഉണ്ടായിരുന്നില്ല'; പരിഭവം പറഞ്ഞ് അടൂര്‍ ഗോപാലകൃഷ്ണന്

രണ്ടുദശാബ്ദംമുമ്പ് തനിക്ക് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചപ്പോള്‍ ആഘോഷങ്ങളോ ആദരവ് പ്രകടിപ്പിക്കലോ ഉണ്ടായിരുന്നില്ലെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മോഹന്‍ലാലിനെ ആദരിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച 'മലയാളം വാനോളം, ലാല്‍സലാം' എന്ന പരിപാടിയിലാണ് അടൂര്‍ തന്റെ പരിഭവം പറഞ്ഞത്. മോഹന്‍ലാലിന് ആദ്യത്തെ ദേശീയ അവാര്‍ഡ് നല്കിയ ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്നും അടൂര്‍ ഓര്‍മിച്ചു. 2004-ലാണ് അടൂരിന് സമഗ്രസംഭാവന പരിഗണിച്ച് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് സമ്മാനിച്ചത്.
'രണ്ടുദശാബ്ദം മുമ്പ് എനിക്ക് അവാര്‍ഡ് ലഭിച്ചപ്പോള്‍ ഇതുപോലുള്ള ആഘോഷങ്ങളോ ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലോ ഒന്നുമുണ്ടായിരുന്നില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും സര്‍ക്കാരും പ്രത്യേകതാത്പര്യമെടുത്താണ് മോഹന്‍ലാലിനെ ആദരിക്കുന്നത്. അതിലെനിക്ക് നിങ്ങള്‍ എല്ലാവരോടുമൊപ്പം വളരേ സന്തോഷവും അഭിമാനവുമുണ്ട്', എന്നായിരുന്നു അടൂരിന്റെ വാക്കുകള്‍.
'എനിക്ക് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. അത് സംഭവിച്ചില്ല. പക്ഷേ, മോഹന്‍ലാലിന്റെ കഴിവുകളെപ്പറ്റി അങ്ങേയറ്റം അഭിമാനിക്കുകയും ആദരവുനല്കുകയുംചെയ്യുന്ന ഒരാളാണ് ഞാന്‍. മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യത്തെ ദേശീയ അവാര്‍ഡ് നല്കുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു ഞാന്‍. ദേശീയതലത്തില്‍ അദ്ദേഹത്തിനുള്ള ബഹുമതികള്‍ ആരംഭിക്കുന്നത് അവിടെയാണ്. അക്കാര്യത്തില്‍ എനിക്ക് വളരേ അഭിമാനവും സന്തോഷവുമുണ്ട്', അടൂര്‍ പറഞ്ഞു.
'ഓരോ മലയാളിക്കും സ്വന്തം പ്രതിബിംബം മോഹന്‍ലാലില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് മലയാളികള്‍ എവിടെ ജീവിക്കുന്നോ അവരുടേയെല്ലാം സ്നേഹപാത്രമായി അദ്ദേഹം മാറിയത്. മോഹന്‍ലാലിന് ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന അഭിനയജീവിതവും കൂടുതല്‍ വിജയവും ഉണ്ടാവട്ടെ', അദ്ദേഹം ആശംസിച്ചു.
തന്റെ മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ അടൂര്‍ ഗോപാലകൃഷ്ണനെ പരാമര്‍ശിച്ചു. 'എന്നെക്കുറിച്ച് ആദ്യമായി', എന്നു തുടങ്ങി പകുതിയില്‍നിര്‍ത്തി, ‘അല്ല, ഒരുപക്ഷേ ഒരുപാട് സദസ്സുകളില്‍ എന്നെക്കുറിച്ച് സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന് സാറിനോടും ഹൃദയത്തില്‍ നിറഞ്ഞുവരുന്ന നന്ദി അറിയിക്കുന്നു', എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
Content Highlights: Renowned filmmaker Adoor Gopalakrishnan expresses his disappointment over the lack of celebration for his Dada Saheb Phalke Award, contrasting it with recent honors for Mohanlal