'എന്നെ കുറിച്ച് ആദ്യമായി...അല്ല,ഒരുപാട് സദസുകളില്‍ എന്നെ കുറിച്ച് സംസാരിച്ച അടൂര്‍ സാറിനും നന്ദി';ചര്‍ച്ചയായി മോഹന്‍ലാലിന്റെ മറുപടി

ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരത്തിന് അര്‍ഹനായ മോഹന്‍ലാലിനെ ആദരിക്കുന്നതിനായി സര്‍ക്കാര്‍ സംഘടിപ്പിച്ച 'വാനോളം മലയാളം ലാല്‍ സലാം' എന്ന പരിപാടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന് പ്രസംഗിച്ചതും മറുപടി പ്രസംഗത്തിലെ മോഹന്‍ലാലിന്റെ വാക്കുകളുമാണ് ചര്‍ച്ചയാകുന്നത്.
രണ്ട് ദശാബ്ദം മുമ്പ് തനിക്ക് ഈ പുരസ്കാരം ലഭിക്കുമ്പോള്‍ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അടൂര്‍ പറഞ്ഞത്. ഇപ്പോള്‍ നമ്മുടെ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹന്‍ലാലിനെ ആദരിക്കുന്നതെന്നും അതിന് നിങ്ങളോടൊപ്പം തനിക്കും സന്തോഷവും അഭിമാനവുമുണ്ടെന്നുമായിരുന്നു അടൂരിന്റെ പ്രസംഗം.
ഇതിന് പിന്നാലെ ഈ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. മുമ്പും മോഹന്‍ലാലിനെതിരെ സംസാരിച്ചിട്ടുള്ള അടൂര്‍ ഇത്തവണയും അത് ആവര്‍ത്തിച്ചുവെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇതിനോടൊപ്പം മോഹന്‍ലാലിന്റെ മറുപടി പ്രസംഗവും ചര്‍ച്ചയായി. 'എന്നെ കുറിച്ച് ആദ്യമായി...അല്ല, ഒരുപാട് സദസുകളില്‍ എന്നെ കുറിച്ച് സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന് സാറിനോടും ഹൃദയത്തില്‍ നിറഞ്ഞുവരുന്ന നന്ദി അറിയിക്കുന്നു' എന്നായിരുന്നു മോഹന്‍ലാല്‍ മറുപടി നല്‍കിയത്.
Content Highlights: adoor gopalakrishnan and mohanlal speech lal salam programme