ആ വ്യക്തിയെ സൂക്ഷിക്കണം, എന്റെ പേരും ചിത്രവും ഉപയോഗിച്ച് നിങ്ങളെ പറ്റിക്കുകയാണയാൾ -അദിതി റാവു ഹൈദരി

തന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് വ്യക്തികളെ കബളിക്കുന്നയാളെക്കുറിച്ച് മുന്നറിയിപ്പുമായി നടി അദിതി റാവു ഹൈദരി. ഫോട്ടോഷൂട്ടുകളുമായി ബന്ധപ്പെട്ട് ഫോട്ടോഗ്രാഫർമാർക്ക് സന്ദേശമയക്കുന്ന ഇയാളെ സൂക്ഷിക്കണമെന്ന് നടി ആവശ്യപ്പെട്ടു. ഈ വ്യക്തിയിൽ നിന്ന് എന്തെങ്കിലും സന്ദേശം ലഭിക്കുകയാണെങ്കിൽ, തന്റെ ടീമുമായി ബന്ധപ്പെടാൻ അദിതി ഫോളോവേഴ്‌സിനോട് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നിർദ്ദേശിച്ചു.
"എല്ലാവർക്കും നമസ്കാരം, ഇന്ന് കുറച്ചുപേർ എന്റെ ശ്രദ്ധയിൽപ്പെടുത്തിയ ഒരു കാര്യം സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരാൾ വാട്ട്‌സ്ആപ്പിൽ എന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ഞാനാണെന്ന് നടിച്ച് ഫോട്ടോഷൂട്ടുകളെക്കുറിച്ച് ഫോട്ടോഗ്രാഫർമാർക്ക് സന്ദേശമയക്കുന്നുണ്ട്. അത് ഞാനല്ല. ഞാൻ ഇങ്ങനെ ആരെയും സമീപിക്കാറില്ല, ജോലിക്കായി ഞാൻ വ്യക്തിപരമായ നമ്പറുകൾ ഉപയോഗിക്കാറുമില്ല. എല്ലാ കാര്യങ്ങളും എപ്പോഴും എന്റെ ടീം വഴിയാണ് നടക്കുന്നത്.
ദയവായി ശ്രദ്ധിക്കുക, ആ നമ്പറുമായി ബന്ധപ്പെടരുത്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ, എന്റെ ടീമിനെ അറിയിക്കുക. എനിക്ക് പിന്തുണ നൽകുകയും എന്നെ സംരക്ഷിക്കുകയും ദയ കാണിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി." അദിതി റാവു ഹൈദരി വ്യക്തമാക്കി.
ഹിന്ദി ചിത്രമായ 'പരിവാരിക് മനു രഞ്ജൻ', നിശ്ശബ്ദ ചിത്രമായ 'ഗാന്ധി ടോക്ക്‌സ്' എന്നിവയുൾപ്പെടെ വിവിധ പ്രോജക്റ്റുകളാണ് അദിതിയുടേതായി വരാനിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ, 'ലയണസ്' എന്ന ചിത്രത്തിൽ അവർ പ്രവർത്തിക്കുന്നുണ്ട്. ഇംതിയാസ് അലിയുടെ നെറ്റ്ഫ്ലിക്സ് സീരീസായ 'ഓ സാഥി രേ'യിലും അദിതി അഭിനയിക്കുന്നുണ്ട്. ആരിഫ് അലി സംവിധാനം ചെയ്യുന്ന ഈ ഷോയിൽ അവിനാഷ് തിവാരി, അർജുൻ രാംപാൽ എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്.
നിലവിൽ രാജേഷ് എം. സെൽവ സംവിധാനം ചെയ്യുന്ന പേരിടാത്ത ഒരു പ്രോജക്റ്റിന്റെ ഷൂട്ടിംഗിലാണ് അദിതി. സഞ്ജയ് ലീല ബൻസാലിയുടെ 'ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ' എന്ന നെറ്റ്ഫ്ലിക്സ് സീരീസിലാണ് അവർ അവസാനമായി അഭിനയിച്ചത്. നെറ്റ്ഫ്ലിക്സ് ഈ ഷോയുടെ രണ്ടാം സീസണും പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: Aditi Rao Hydari Issues Public Warning: Beware of WhatsApp Impersonator