ആദിപുരുഷ് വിവാദം; നേപ്പാളില്‍ രണ്ടുനഗരങ്ങളില്‍ ബോളിവുഡ് സിനിമകള്‍ക്ക് വിലക്ക്

ടീസറിലെ രംഗങ്ങള്‍
ടീസറിലെ രംഗങ്ങള്‍

കാഠ്മണ്ഡു: 'ആദിപുരുഷ്' സിനിമയിലെ 'ആക്ഷേപകരമായ' സംഭാഷണം ഒഴിവാക്കുംവരെ ബോളിവുഡ് ചലച്ചിത്രങ്ങളൊന്നും പ്രദര്‍ശിപ്പിക്കില്ലെന്ന് നേപ്പാളിലെ കാഠ്മണ്ഡു, പൊഖ്‌റ നഗരസഭകള്‍.

രാമായണത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ചതെന്ന് അവകാശപ്പെടുന്ന സിനിമയാണ് 'ആദിപുരുഷ്'. രാഘവ്, ലങ്കേഷ്, ജാനകി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഇതില്‍ ജാനകിയെ 'ഇന്ത്യയുടെ മകള്‍' എന്നു വിളിക്കുന്ന സംഭാഷണമാണ് കാഠ്മണ്ഡുവിലെയും പൊഖ്‌റയിലെയും മേയര്‍മാരെ ചൊടിപ്പിച്ചത്.

തലസ്ഥാനമായ കാഠ്മണ്ഡുവിന് 220 കിലോമീറ്റര്‍ അകലെയുള്ള ജനക്പുരിലാണ് സീത ജനിച്ചത് എന്നാണ് നേപ്പാളിലെ ഹിന്ദുക്കളുടെ വിശ്വാസം. നേപ്പാളില്‍ ജനസംഖ്യയുടെ 80 ശതമാനവും ഹിന്ദുക്കളാണ്.

ബോളിവുഡ് ചിത്രങ്ങളുടെയെല്ലാം പ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ നഗരത്തിലെ തിയേറ്ററുകളോട് നിര്‍ദേശിച്ചതായി കാഠ്മണ്ഡു മേയര്‍ ബലേന്ദ്രഷാ ഞായറാഴ്ച ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. സംഭാഷണം നീക്കംചെയ്യാന്‍ ആദിപുരുഷിന്റെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പൊഖ്‌റ നഗരസഭാപരിധിയിലെ തിയേറ്ററുകളില്‍ ബോളിവുഡ് സിനിമകളുടെ പ്രദര്‍ശനം മേയര്‍ ധന്‍രാജ് ആചാര്യയും വിലക്കി.

വെള്ളിയാഴ്ചയാണ് 'ആദിപുരുഷ്' തിയേറ്ററുകളിലെത്തിയത്. സിനിമയിലെ ചില കഥാപാത്രങ്ങളുടെ ചിത്രീകരണവും സംഭാഷണങ്ങളും ഇന്ത്യയുടെ വിവിധഭാഗങ്ങളിലും പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.

Content Highlights: Adipurush row: Kathmandu Pokhara bans Hindi films Bollywood prabhas saif ali khan