'ഹോളിവുഡിന്റെ കാര്‍ട്ടൂണ്‍'; ആദിപുരുഷിനെ വിമര്‍ശിച്ച് രാമായണ്‍ സീരിയലിലെ രാമന്‍

അരുണ്‍ ഗോവില്‍, ആദിപുരുഷിലെ രംഗങ്ങള്‍
അരുണ്‍ ഗോവില്‍, ആദിപുരുഷിലെ രംഗങ്ങള്‍

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് എന്ന ചിത്രം ജൂണ്‍ 16 നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. രാമായണത്തെ വളച്ചൊടിച്ചാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നും ഹനുമാന്‍, രാവണന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് പുരാണവുമായി ബന്ധമില്ലെന്നുമാണ് ആക്ഷേപം. വി.എഫ്.എക്‌സിന്റെ അതിപ്രസരമാണെന്നും അതിന്റെ നിലവാരം വളരെ മോശമാണെന്നും വിമര്‍നങ്ങളുയരുന്നു. എന്നാല്‍ ആദിപുരുഷിന് ലോകത്തൊട്ടാകെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരുടേയും ഹൃദയം കീഴടക്കാന്‍ ചിത്രത്തിനായി എന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ഇപ്പോള്‍ ചിത്രത്തിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് രാമായണ്‍ ടെലിവിഷന്‍ സീരിയലില്‍ രാമനായി വേഷമിട്ട അരുണ്‍ ഗോവില്‍. രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത രാമായണ്‍ ഇന്ത്യയിലെ ഏക്കാലത്തെയും മികച്ച ടെലിവിഷന്‍ സീരിയലുകളിലൊന്നായി കണക്കാക്കപ്പെടുന്നു. 

ആദിപുരുഷിനെ ഹോളിവുഡിന്റെ കാര്‍ട്ടൂണ്‍ എന്നാണ് അരുണ്‍ ഗോവില്‍ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങി സമയത്ത് താന്‍ ഏതാനും നിര്‍ദ്ദേശങ്ങള്‍ നിര്‍മാതാക്കള്‍ക്ക് അദ്ദേഹം പറഞ്ഞു. ഇത്തരം സിനിമകള്‍ക്ക് അനൗചാരികമായ സംഭാഷണങ്ങള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇത്രയും കാലം നമ്മള്‍ ഇഷ്ടപ്പെട്ടതും അറിഞ്ഞതുമായ രാമായണത്തിന് എന്തായിരുന്നു പ്രശ്‌നം. എന്തിനാണിത് ഇങ്ങനെ മാറ്റിയത്. ഒരു പക്ഷേ ആദിപുരുഷ് ടീമിന് സീതയിലും രാമനിലുമൊന്നും വിശ്വാസം ഉണ്ടായിരിക്കുകയില്ല- അരുണ്‍ ഗോവില്‍ പറഞ്ഞു.

അതേ സമയം വിവാദങ്ങളെ തുടര്‍ന്ന് ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ ഒഴിവാക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ സംഭാഷണങ്ങള്‍ക്ക് ട്രോളുകളും വിമര്‍ശനങ്ങളും ലഭിച്ചതിന് പിന്നാലെയാണ് നടപടി. 

ഒരു അവിസ്മരണീയമായ സിനിമാ അനുഭവം സമ്മാനിക്കുന്നതിനായി പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ചിത്രത്തിലെ സംഭാഷണങ്ങളില്‍ മാറ്റം വരുത്തുകയാണെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി ആദിപുരുഷിന്റെ സംഭാഷണങ്ങള്‍ എഴുതിയ മനോജ് ശുക്ലയും എത്തിയിട്ടുണ്ട്. താന്‍ ആദിപുരുഷിനായി 4000 വരികള്‍ എഴുതിയെന്നും പ്രശ്‌നം ആരോപിക്കുന്നത് കുറച്ച് വരികളിലാണെന്നും മനോജ് പറഞ്ഞു. ബാക്കിയുള്ള നൂറോളം വരികളില്‍ താന്‍ രാമനെയും സീതയേയും പ്രകീര്‍ത്തിക്കുകയാണെന്നും അതിന് ആരും തന്നെ പ്രശംസിച്ചില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

ചിത്രത്തിനെതിരേ ഹിന്ദു സേന എന്ന സംഘടന പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ചിത്രം രാമായണത്തെയും ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിക്കുകയാണെന്ന് ആരോപിച്ചാണ് ഡല്‍ഹി ഹൈക്കോടതിയിലാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് ചിത്രം നിരോധിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. നേതാവ് വിഷ്ണു ഗുപ്തയുടെ നേതൃത്വത്തിലാണ് ഹര്‍ജി നല്‍കിയത്.

പ്രഭാസിന് പുറമേ കൃതി സനോണ്‍, സെയ്ഫ് അലിഖാന്‍, സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.  ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം. 

Content Highlights: adipurush film, prabhas, saif ali khan, kriti sanon, arun govil, ramayanam serial, dooradarshan