പ്രഭാസ് ഫ്‌ളോപ്പ് പ്രൂഫ് താരം, സംശയമുണ്ടെങ്കില്‍ ആദിപുരുഷ് വരുമാനം പരിശോധിക്കാം- ഓം റൗട്ട്

ആദിപുരുഷിലെ രം​ഗം, പ്രഭാസ്, ഓം റൗട്ട്
ആദിപുരുഷിലെ രം​ഗം, പ്രഭാസ്, ഓം റൗട്ട്

ട്രോളുകള്‍ക്കും നിശിതമായ വിമര്‍ശനങ്ങള്‍ക്കുമിടയിലാണ്  ഓം റൗട്ട് സംവിധാനം ചെയ്ത 'ആദിപുരുഷ്' തിയേറ്ററുകളിലെത്തിയത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ ടീസറും ട്രെയ്ലറുമെല്ലാം പുറത്തിറങ്ങിയപ്പോള്‍ ട്രോള്‍ വര്‍ഷമായിരുന്നു.രാമനായി പ്രഭാസ് എത്തിയ ചിത്രത്തില്‍ രാവണനായി വേഷമിട്ടിരിക്കുന്നത് സെയ്ഫ് അലിഖാനാണ്. കൃതി സനോണ്‍, സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 

700 കോടിയോളമായിരുന്നു ചിത്രത്തിന്റെ മുതല്‍ മുടക്ക്. 400 കോടി മാത്രമാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടാനായത്. ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ വിമര്‍ശനം നേരിട്ടതും നെഗറ്റീവ് റിവ്യൂകളും വി.എഫ്.എക്‌സിന്റെ നിലവാരക്കുറവുമാണ് സിനിമയെ ശക്തമായി ബാധിച്ചത്.

ആദിപുരുഷ് റിലീസ് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ സിനിമ പരാജയമായിരുന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍ ഓം റൗട്ട്. ആളുകളുടെ തെറ്റായ കാഴ്ചപ്പാടിന്റെ ഇരയാണ് താനെന്നും യഥാര്‍ഥത്തില്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ തന്നെ ഒരുപാട് പേര്‍ പ്രശംസിച്ചുവെന്നും ഓം റൗട്ട് പറഞ്ഞു. അമോല്‍ പര്‍ച്ചൂരിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഓം റൗട്ടിന്റെ പ്രതികരണം. പ്രഭാസിനെ പോലുള്ള താരങ്ങള്‍ പരാജയം ഏല്‍ക്കാത്ത 'ഫ്ളോപ്പ് പ്രൂഫ്' താരങ്ങളാണെന്നും ഓം റൗട്ട് പറഞ്ഞു.

ചെറിയ ചില കാരണങ്ങളാല്‍, സിനിമയെക്കുറിച്ചുള്ള ധാരണ മൊത്തത്തില്‍ നെഗറ്റീവ് ആയി. സിനിമയില്‍ നിന്നുള്ള ക്ലിപ്പിങ്ങുകള്‍ പകര്‍ത്തി ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അവരെല്ലാം നിക്ഷിപ്ത താല്‍പര്യമുള്ളവരാണ്. 

ആദ്യദിവസം ഇന്ത്യയില്‍ നിന്ന് മാത്രമായി 70 കോടിയായിരുന്നു വരുമാനം. 400 കോടി രൂപ ചിത്രം നേടി. എല്ലാവരും ചിത്രം പരാജയപ്പെട്ടുവെന്നാണ് കരുതുന്നത്. അത് സത്യമല്ല. സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ഒരുപാടാളുകള്‍ സിനിമയെ പ്രശംസിച്ച് എനിക്ക് സന്ദേശങ്ങള്‍ അയച്ചു. എന്നാല്‍ അവസാനം എന്ത് ഫലം ലഭിച്ചുവെന്നതാണ് കാര്യം. സിനിമ വിജയമായിരുന്നു. വിമര്‍ശനങ്ങളില്‍ എനിക്ക് വിഷമമില്ല. വിമര്‍ശനങ്ങളെ പ്രതിരോധിക്കാനും ഇല്ല- ഓം റൗട്ട് പറഞ്ഞു.

700 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം എന്ന്  നിര്‍മാതാക്കള്‍ തന്നെയാണ് അവകാശപ്പെട്ടത്. 400 കോടി തിരിച്ചുപിടിച്ചെന്ന് പറയുമ്പോള്‍ ചിത്രം വിജയമായിരുന്നുവെന്ന സംവിധായകന്റെ അവകാശവാദത്തില്‍ വ്യക്തതയില്ല. 

റിലീസിന് പിന്നാലെ ഒട്ടേറെ സംഘടനകളാണ് ചിത്രത്തിനെതിരേ പരാതിയുമായി രംഗത്ത് വന്നത്. മോശവും അന്തസ്സാരമില്ലാത്തതുമായ സംഭാഷണങ്ങളിലൂടെ വിശ്വാസികളെ വേദനിപ്പിച്ച സിനിമ പ്രത്യേക അജന്‍ഡയുടെ ഭാഗമാണെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. സെന്‍സര്‍ബോര്‍ഡ് 'മഹാഭാരത'ത്തിലെ ധൃതരാഷ്ട്രരെപ്പോലേയാണോ എന്നാണ് എസ്.പി. നേതാവ് അഖിലേഷ് യാദവ് ചോദിച്ചത്. ജീവനു ഭീഷണിയുണ്ടെന്ന് സംഭാഷണരചയിതാവായ മനോജ് ശുക്ള വ്യക്തമാക്കിയതിനെ തുടര്‍ന്ന് മുംബൈ പോലീസ് അദ്ദേഹത്തിന് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.

റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ആദിപുരുഷിന്റെ കാര്യത്തില്‍ തനിക്ക് 100 ശതമാനം തെറ്റ് സംഭവിച്ചുമെന്ന് പറഞ്ഞ് മനോജ് ശുക്ല രംഗത്ത് വന്നത് വലിയ ചര്‍ച്ചയായി. 

"എന്റെ എഴുത്ത് ഗംഭീരമാണെന്ന് പറഞ്ഞ് സ്വയം ന്യായീകരിക്കുന്ന വ്യക്തിയല്ല ഞാന്‍. അതൊരു 100 ശതമാനം തെറ്റായിരുന്നു, അതെ ഞാന്‍ ഒരു വലിയ തെറ്റ് ചയ്തു. പക്ഷേ അതൊന്നും മനപൂര്‍വ്വമായിരുന്നില്ല. സനാതന ധര്‍മത്തെയോ മതത്തെയോ ഭഗവാന്‍ ശ്രീരാമനെയോ മോശമാക്കി കാണിക്കാന്‍ വേണ്ടിയോ ചെയ്തതല്ല. ഒരു മതത്തെ മനപൂര്‍വ്വം മോശമാക്കി കാണിക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല. ആദിപുരുഷില്‍ നിന്ന് ഞാന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചു. ഇനി മുന്നോട്ടുള്ള യാത്രയില്‍ ഏറെ ശ്രദ്ധിക്കും. ആളുകള്‍ വളരെ ദേഷ്യത്തോടെ നില്‍ക്കുമ്പോള്‍ ഞാന്‍ വിശദീകരണം നല്‍കാന്‍ ശ്രമിക്കരുതായിരുന്നു. അവരുടെ വികാരത്തെ മാനിക്കണമായിരുന്നു. സംഭവിച്ച തെറ്റ് മനസ്സിലാകുന്നു"- എന്നാണ് മനോജ് ശുക്ല പറഞ്ഞത്.


 

Content Highlights: Adipurush director Om Raut boasts about box office collections, criticize media