‘ബാലൻ’ സ്‌കൂളിലെത്തി; ആദിശേഷന് ആവേശകരമായ സ്വീകരണം

മുഹമ്മ: വെള്ളിത്തിരയിൽ ‘ബാലൻ’ ആയി പ്രേക്ഷകഹൃദയം കീഴടക്കിയ ആദിശേഷന് സ്വന്തം സ്കൂളിൽ ആവേശകരമായ സ്വീകരണം. ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ ദ ബോയ്’ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച രണ്ടാംക്ലാസ് വിദ്യാർഥിയായ കെ..ആർ. ആദിശേഷൻ മാസങ്ങൾക്കുശേഷം തണ്ണീർമുക്കം പഞ്ചായത്ത് എൽ.പി. സ്കൂളിലെത്തിയപ്പോൾ അധ്യാപകരും സഹപാഠികളും പി.ടി.എ. ഭാരവാഹികളും ചേർന്ന് സ്നേഹത്തോടെ വരവേറ്റു.
കെയ്‌ക്കുമുറിച്ചും കൈയടികളോടെയും പൂച്ചെണ്ടുകൾ നൽകിയും ആദിശേഷനെ സ്വീകരിച്ചു. ചിത്രത്തിലെ അഭിനയത്തിന് അഭിനന്ദനമറിയിച്ച അധ്യാപകരും കുട്ടികളും സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കാനും മറന്നില്ല. ആദിശേഷന്റെ അഭിനയം ഏറെ മികച്ചതായിരുന്നെന്നും ഞങ്ങളെല്ലാവരും ചേർന്ന് ചേർത്തലയിലെ തിയേറ്ററിൽ പോയി സിനിമ കണ്ടെന്നും പ്രധാനാധ്യാപകൻ പി. രാമപ്രസാദ് പറഞ്ഞു.
ഒന്നാംക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആദിശേഷൻ സ്കൂളിൽനിന്നു വിട്ടുനിന്നത്. ഷൂട്ടിങ്ങും അനുബന്ധപ്രവർത്തനങ്ങളുമായി മാസങ്ങളോളം തിരക്കിലായിരുന്ന ആദിശേഷൻ, സിനിമ റിലീസിനു ശേഷം ആദ്യമായാണ് സ്കൂളിലെത്തുന്നത്.
കഴിഞ്ഞ 18-ന് റിലീസ് ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. തണ്ണീർമുക്കം പുത്തനങ്ങാടിയിൽ രതീഷിന്റെയും ആതിരയുടെയും മകനാണ് ആദിശേഷൻ. ഇവിടെ വാടകയ്ക്കു താമസിക്കുന്ന ഇവർ സ്കൂളിൽ സഹപാഠികളുമായും അധ്യാപകരുമായും കുറച്ചുസമയം ചെലവഴിച്ചശേഷം സിനിമയുടെ പ്രചാരണപരിപാടികൾക്കായി അതേദിവസം ദുബായിലേക്കു തിരിച്ചു.
വാർഡംഗം രമ്യ അനീഷ്, പി.ടി.എ. പ്രസിഡന്റ് വിദ്യാനന്ദൻ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സൻമോൻ, അധ്യാപകരായ ഷീജ, സീതാമണി എന്നിവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
Content Highlights: Child actor Adhisheshn returns to Thannermukkom LP School after filming. Warm reception organized by teachers, students, and PTA members. Performance in 'Balan The Boy' directed by Chidambaram praised by school headmaster. Adhisheshn headed to Dubai for movie promotional activities post-reception