47 ലക്ഷത്തിന്റെ നിക്ഷേപത്തട്ടിപ്പിന് ഇരയായി നടി; നിർമാതാവെന്ന് അവകാശപ്പെടുന്നയാൾക്കെതിരേ കേസ്

മറാഠി ചലച്ചിത്രതാരം വർഷ ഉസ്ഗാവങ്കർ ഉൾപ്പെടെ ഒട്ടേറെപ്പേരെ കബളിപ്പിച്ചെന്ന പരാതിയിൽ നിർമാതാവെന്ന് അവകാശപ്പെടുന്ന ബിൽഡർക്കെതിരേ കേസെടുത്ത് മുംബൈ പോലീസ്. വർഷയെ കൂടാതെ മറ്റൊരു നടിയുൾപ്പെടെ ഒട്ടേറെ പേരിൽനിന്നായി 47 ലക്ഷത്തോളം തട്ടിച്ചുവെന്നാണ് പരാതി. അവിനാഷ് ജാദവ് എന്നയാൾക്കെതിരേയാണ് കേസ്.
നിർമാതാവും ബിൽഡറുമെന്ന് വിശ്വസിപ്പിച്ച അവിനാഷ് ജാദവ്, വർഷ ഉൾപ്പെടെ ഒട്ടേറെപ്പേരിൽനിന്ന് നിക്ഷേപം സ്വീകരിച്ചു. ഉയർന്ന ലാഭവിഹിതം വാഗ്ദാനംചെയ്ത് ഡോംബിവ്‌ലിയിലെ കൺസ്ട്രക്ഷൻ പ്രൊജക്ടിന്റെ പേരിലാണ് പണം വാങ്ങിയത്. കുറഞ്ഞകാലയളവിൽ വലിയ തുക ലാഭം വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. ഒരുവർഷത്തിനകം, മുതൽ തിരികെ ലഭിക്കുമെന്നും ഇയാൾ വിശ്വസിപ്പിച്ചു.
അവിനാഷിനെ വിശ്വസിച്ച് ഒട്ടേറെപ്പേർ ചെക്കുകൾ മുഖേനയും ഓൺലൈനായും പണം നിക്ഷേപിച്ചു. 47 ലക്ഷത്തോളം രൂപയാണ് ഇങ്ങനെ അവിനാഷിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. വർഷയെ കൂടാതെ, നടി മൃണാളിനി സുഭാഷ് ജംഭാലെയും മറ്റ് മൂന്നുപേരും നിക്ഷേപതട്ടിപ്പിന് ഇരയായി.
ഏതാനും നിക്ഷേപകർക്ക്, പ്രതി 4.52 ലക്ഷത്തോളം തിരികെ നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത് ആളുകളുടെ വിശ്വാസം പിടിച്ചുപറ്റാനാണെന്നാണ് പോലീസ് നിഗമനം. എന്നാൽ, പിന്നീട് പണമൊന്നും ലഭിക്കാതായതോടെയാണ് നിക്ഷേപകർ പരാതിയുമായെത്തിയത്. ശിവാജി പാർക്ക് പോലീസ് സ്‌റ്റേഷനിൽ ആദ്യപരാതി വന്നതോടെയാണ് സംഭവം പരസ്യമാവുന്നത്.
പരാതികൾക്ക് പിന്നാലെ, അവിനാഷ് ഫോൺ നമ്പറും വിലാസവും മാറ്റി. തുടർന്ന് നിക്ഷേപകർ ഡോംബിവ്‌ലിയിലെത്തി അവിനാഷിനെ നേരിട്ട് കാണാൻ ശ്രമം നടത്തി. ചോദ്യംചെയ്തപ്പോൾ പണം തിരികെ തരാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞതായും പരാതി നൽകാൻ വെല്ലുവിളിച്ചതായും പരാതിക്കാർ പറയുന്നു.
ഐപിസിയുടെ വിവിധ വകുപ്പുകൾ ചേർത്ത് അവിനാഷിനെതിരേ കേസെടുത്തു. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്. കൂടുതൽപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Content Highlights: Marathi actress Varsha Usgaonkar and others were victims of an investment fraud. The accused, Avinash Jadhav, posed as a film producer and builder. Promised high returns on a construction project in Dombivli, duping investors of nearly ₹47 lakhs. Mumbai's Shivaji Park Police has registered a case and is investigating the matter. The accused allegedly challenged victims to file a complaint when confronted