മണിക്കൂറുകളോളം മൊബൈൽ ഗെയിമിങ്: കഴുത്തിന് ശസ്ത്രക്രിയ ചെയ്യേണ്ടിവന്നെന്ന് ഷക്കീല

മണിക്കൂറുകളോളം മൊബൈൽ ഫോണുപയോഗിച്ചതിനാൽ കഴുത്തിന് സങ്കീർണമായ ആരോഗ്യപ്രശ്നം നേരിട്ട് ഷക്കീല. സ്ഥിതി വഷളായതിനെത്തുടർന്ന് അവർ ശസ്ത്രക്രിയയ്ക്ക് വിധേയയായി. ആശുപത്രിവാസത്തിന്റെയും വീട്ടിൽ തിരിച്ചെത്തിയതിന്റെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ വിഡിയോ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു. സെൽഫ് ട്രോൾ രൂപേണയാണ് അവർ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
കഴുത്തിന് പരിക്കേറ്റതിനെ തുടർന്ന് കോളർ നെക്ക് ധരിച്ചാണ് ഷക്കീല വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമെല്ലാം അവർ പരിചാരകരുടെ സഹായം തേടുന്നുണ്ട്. അടുത്ത കാലത്ത് തനിക്കൊരു ഓപ്പറേഷൻ ഉണ്ടായിരുന്നുവെന്ന് അവർ വീഡിയോയിലൂടെ അറിയിച്ചു. ഗൗരവമായി ഒരുകാര്യം പറയുകയാണ്. ഫോൺ നമുക്ക് ഏറെ ഉപകാരമുള്ള വസ്തുവാണ്. പക്ഷേ ആവശ്യത്തിലധികം ഉപയോഗിക്കരുത് എന്നാണ് അവർ ആമുഖമായി പറയുന്നത്.
"കിടക്കയിൽ ചരിഞ്ഞുകിടന്ന് തുടർച്ചയായി നാല് മണിക്കൂർ വരെ ഫോണിൽ ഗെയിം കളിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രമാണ് എഴുന്നേൽക്കുന്നത്. ചായ കുടിച്ച് വന്നശേഷം ഗെയിമിങ് തുടരും. പിന്നെ യൂട്യൂബിലും ഇൻസ്റ്റയിലും റീൽ കാണും. ഇതാണ് കഴുത്തിലെ ഞരമ്പുകളെ ബാധിക്കുകയും സർജറിയിൽ കലാശിക്കുകയും ചെയ്തത്." ഷക്കീലയുടെ വാക്കുകൾ.
കുട്ടികളുടെ കയ്യിൽ മൊബൈൽ കൊടുക്കുന്നത് പൂർണമായും ഒഴിവാക്കണമെന്നും ഷക്കീല ആവശ്യപ്പെട്ടു. നിങ്ങളും പരമാവധി ഒഴിവാക്കുക. തന്റെ വീഡിയോ അടക്കം ഒഴിവാക്കുക. നമുക്ക് ഉപകാരമുള്ള വീഡിയോ മാത്രം കാണുക. അല്ലെങ്കിൽ 3 ലക്ഷം രൂപയും പോകും, വേദനയും ഉണ്ടാകുമെന്നും ഷക്കീല കൂട്ടിച്ചേർത്തു.
നിരവധിപേരാണ് വീഡിയോക്ക് പ്രതികരണമറിയിച്ചെത്തിയത്. താരം ആരോഗ്യം എത്രയുംപെട്ടന്ന് വീണ്ടെടുക്കട്ടെയെന്നാണ് ഏവരും കമന്റ് ചെയ്തിരിക്കുന്നത്.
Content Highlights: Actress Shakeela revealed through a self-troll YouTube video that she had to undergo a complex neck surgery costing ₹3 lakh after continuous, long hours of mobile gaming severely damaged her neck nerves.