എനിക്കൊരു കടം വീട്ടാനുണ്ട്, ‘കിരീട’ത്തിലെ ദേവിയെ വിശ്വസിച്ചേല്പിച്ച എല്ലാവർക്കും നന്ദി -പാർവതി

#മൂവി ഡെസ്ക്
കിരീടം 4K ട്രെയിലർ ലോഞ്ചിൽ പാർവതി സംസാരിക്കുന്നു | സ്ക്രീൻ​ഗ്രാബ്
കിരീടം 4K ട്രെയിലർ ലോഞ്ചിൽ പാർവതി സംസാരിക്കുന്നു | സ്ക്രീൻ​ഗ്രാബ്

മോഹൻലാലിന്റെ അഭിനയജീവിതത്തിൽ നിർണായക സ്ഥാനമുള്ള ചിത്രമാണ് കിരീടം. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായെത്തിയത് പാർവതിയാണ്. കഴിഞ്ഞദിവസം കൊച്ചിയിൽ ചിത്രത്തിന്റെ റീ-റിലീസ് ട്രെയിലറിന്റെ ലോഞ്ചിൽ പങ്കെടുക്കാനെത്തിയ പാർവതി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. താൻ അവതരിപ്പിച്ച ദേവി എന്ന കഥാപാത്രത്തേക്കുറിച്ച് വാചാലയായ അവർ തനിക്ക് ഇങ്ങനെയൊരു വേഷം തന്ന എല്ലാവരോടും നന്ദിയുണ്ടെന്ന് പറഞ്ഞു. നല്ലൊരു സഹതാരമെന്ന നിലയിൽ നൽകിയ പിന്തുണയ്ക്ക് അവർ മോഹൻലാലിനോടും നന്ദി പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത്.

വർഷങ്ങൾക്ക് ശേഷം കിരീടത്തിന്റെ 4കെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ പങ്കെടുത്തപ്പോൾ തനിക്കൊരു 'കടം വീട്ടാനുണ്ട്' എന്നാണ് പാർവ്വതി പറഞ്ഞത്. സിനിമ റിലീസ് ചെയ്ത കാലം മുതൽ ഇന്നുവരെ ആ വലിയ അവസരം നൽകിയവരോട് ഔദ്യോഗികമായി നന്ദി പറയാൻ തനിക്ക് സാധിച്ചിരുന്നില്ല. തന്നെ വിശ്വസിച്ച് ഇത്രയും നല്ലൊരു അവസരം നൽകിയവരോടുള്ള ആ കടപ്പാട് തീർക്കാനാണ് താൻ ഈ ചടങ്ങിലേക്ക് എത്തിയതെന്ന് അവർ വെളിപ്പെടുത്തി. വർഷങ്ങൾക്ക് ശേഷം സിനിമയിലെ പഴയ സഹപ്രവർത്തകരെ വീണ്ടും കാണാൻ സാധിച്ചതിലും ആ വേദിയിൽ നിൽക്കാൻ കഴിഞ്ഞതിലും തനിക്ക് വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് പാർവ്വതി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

"കിരീടം എന്ന സിനിമ റിലീസായിട്ട് 37 വർഷമായി. പക്ഷേ ഇന്നും ഞാൻ എവിടെ പോകുമ്പോഴും അതിലെ ദേവി എന്ന കഥാപാത്രത്തെക്കുറിച്ച് ആളുകൾ പറയും. ഇത്രയും കാലമായി എനിക്ക് അത്രയും അഭിനന്ദനം ലഭിച്ച മറ്റൊരു കഥാപാത്രമില്ല. രണ്ടുദിവസം മുൻപ് സിബി സാർ വിളിച്ച് ഇങ്ങനെയൊരു ചടങ്ങിനെക്കുറിച്ച് പറഞ്ഞപ്പോൾ ഉറപ്പായും വരാമെന്ന് ഞാൻ പറഞ്ഞു. കാരണം എനിക്കൊരു കടം വീട്ടാനുണ്ട്. ഞാൻ ഇത്രയും വർഷമായിട്ട് ആരോടും ഒരു നന്ദി ഞാനിതുവരെ പറഞ്ഞിട്ടില്ല. എന്നെ വിശ്വസിച്ച് ഇങ്ങനെയൊരു കഥാപാത്രം തന്നതിന്, അവസരം തന്നതിന് സിബി സാറിനോട്, ഉണ്ണിച്ചേട്ടനോട്, ദിനേശ് പണിക്കർ, വിജയകുമാർ സാർ, ഏറ്റവും കൂടുതൽ ലാലേട്ടനോട് നന്ദി പറയുന്നു. ഏറ്റവും നല്ല സഹതാരമായി നിന്നതിന് അദ്ദേഹത്തോട് നന്ദി പറയുന്നു. ഇതിൽക്കൂടുതൽ എന്താണ് പറയേണ്ടതെന്നറിയില്ല. എന്നെ വിളിച്ചതിനും എല്ലാവരേയും കാണാൻ സാധിച്ചതിലും വളരെയേറെ സന്തോഷമുണ്ട്." പാർവതിയുടെ വാക്കുകൾ.

കിരീടം റീ-റിലീസിനൊരുങ്ങുന്നു

പുറത്തിറങ്ങി 37 വർഷത്തിനു ശേഷം മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിന്റെ ക്ലാസിക് ചിത്രം കിരീടം റീ റിലീസിനൊരുങ്ങി. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ചിത്രം ഏതെന്ന ചോദ്യം വരുമ്പോൾ തന്നെ ഉയർന്നു കേൾക്കുന്ന പ്രധാന പേരായിരിക്കും 'കിരീടം'. സേതുമാധവൻ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്.

മലയാള സിനിമാ ചരിത്രത്തിൽ ഇടംനേടിയ ചിത്രമാണ് ലോഹിതദാസ്–സിബി മലയിൽ ടീമിന്റെ കിരീടം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി സേതുമാധവൻ മാറി. 1989ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ റിലീസ് ചെയ്തിട്ട് 37 വർഷങ്ങൾ പിന്നിടുന്നു. ഇപ്പോഴിതാ കിരീടം ഡോൾബി അറ്റ്മോസിൽ 4K ദൃശ്യഭംഗിയിൽ റീ റിലീസിന് തയ്യാറായിരിക്കുകയാണ്. ചിത്രം ജൂലൈ മാസത്തിൽ റീ-റിലീസിന് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)നുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമിച്ചത്. ഗാനങ്ങളും അതിനൊത്ത ദൃശ്യഭംഗിയും ചേർന്ന മലയാളത്തിൻ്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്ക്രീനിൽ എത്തുമ്പോൾ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാൻ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസിൽ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിർവഹിച്ചത് എസ്. കുമാറാണ്.

ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. എഡിറ്റർ: എൽ. ഭൂമിനാഥൻ, ഗാനരചന: കൈതപ്രം, സംഗീതം: ജോൺസൺ, മേക്കപ്പ്: വേലപ്പൻ, ആർട്ട്: സി.കെ സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: കെ.ആർ ഷൺമുഖം, കോസ്റ്റ്യൂംസ്: നാഗരാജ്, കളറിസ്റ്റ്: രംഗ, കോർഡിനേറ്റർ: വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, അറ്റ്മോസ് മിക്സിംഗ്: ഹരി നാരായണൻ, റീസ്റ്റോറേഷൻ: പ്രസാദ് കോർപ്പ്, 4K റീമാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ട്രെയ്ലർ കട്സ്: ഡോൺ മാക്സ്, മാർക്കറ്റിങ്: ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്സ്, ഡിസൈൻസ്: അർജ്ജുൻ @ ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: സുകുമാരൻ, പി.ആർ.ഓ: പി.ശിവപ്രസാദ്.

Content Highlights: Attending the 4K restoration trailer launch event in Kochi, veteran actress Parvathy shared an emotional speech expressing her long-overdue gratitude to co-star Mohanlal and director Sibi Malayil for her career-defining role as Devi in the 1989 classic Kireedam.