കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: തെരുവിൽ പ്രതിഷേധനൃത്തമാടി നടി മോക്ഷ, വീഡിയോ വൈറൽ

മോക്ഷയുടെ തെരുവുനൃത്തത്തിൽനിന്ന്, മോക്ഷ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, അഭിലാഷ് എസ് നായർ \ മാതൃഭൂമി
മോക്ഷയുടെ തെരുവുനൃത്തത്തിൽനിന്ന്, മോക്ഷ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, അഭിലാഷ് എസ് നായർ \ മാതൃഭൂമി

കൊൽക്കത്ത ആർ ജി കർ ആശുപത്രിയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സം​ഗ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 37 ദിവസങ്ങളായി പ്രതിഷേധം നടന്നുവരികയാണ്. അക്കൂട്ടത്തിൽ വളരെ വ്യത്യസ്തമായ ഒരു പ്രതിഷേധം സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുകയാണ്. കള്ളനും ഭ​ഗവതിയും, പുറത്തിറങ്ങാനിരിക്കുന്ന ചിത്തിനി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ബം​ഗാളി നടി മോക്ഷ എന്ന മോക്ഷ സെൻ​ഗുപ്തയാണ് ഈ വീഡിയോയിലുള്ളത്. 

കൊൽക്കത്ത സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് തെരുവിൽ നൃത്തംചെയ്യുന്ന മോക്ഷയാണ് വീഡിയോയിലുള്ളത്. കാസി നസ്റുൾ ഇസ്ലാം എഴുതിയ ഒരു കവിത പശ്ചാത്തലമാക്കിയാണ് മോക്ഷ നൃത്തംചെയ്യുന്നത്. ദക്ഷിണ കൊൽക്കത്തയിലെ സന്തോഷ്പുരിൽ ഒരു എൻ.ജി.ഓ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോക്ഷയുടെ നൃത്തപ്രകടനം. കൊൽക്കത്തയിൽ നടക്കുന്ന പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മോക്ഷയുടെ നൃത്തം. ഓ​ഗസ്റ്റ് 31-ന് നടന്ന പ്രതിഷേധ പരിപാടിയുടെ വീഡിയോ ആണിപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തേക്കുറിച്ച് ഇതിനുമുൻപും മോക്ഷ പ്രതികരിച്ചിട്ടുണ്ട്. "സംഭവത്തേക്കുറിച്ച് കേൾക്കുമ്പോൾ ഞാൻ ഒരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നതിനാൽ എന്താണ്  യഥാർത്ഥ സാഹചര്യമെന്ന് അറിയില്ലായിരുന്നു. പിന്നീട് ആ കൊടും കുറ്റകൃത്യത്തെക്കുറിച്ച് മനസിലാക്കിയപ്പോൾ പ്രതിഷേധങ്ങളിൽ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ചുപോരുകയായിരുന്നു. ഒരു കലാകാരിയെന്ന നിലയിൽ, പ്രതിഷേധത്തിൻ്റെ രൂപമായി ഞാൻ തെരുവ് പ്രകടനം തിരഞ്ഞെടുത്തു. ന​ഗരവാസികളുടെ പ്രതിനിധിയായി നിന്നുകൊണ്ട് സാധാരണക്കാരുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ കല ഉപയോഗിച്ച് വിവിധ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ഞാൻ എൻ്റെ സമയം നീക്കിവച്ചു." മോക്ഷയുടെ വാക്കുകൾ.

നോർത്ത് 24 പർഗാനാസിലെ ബാരക്‌പൂർ സ്വദേശിയായ മോക്ഷ അഭിനയത്തിലേക്ക് വരുന്നതിന് മുമ്പ് അധ്യാപികയായിരുന്നു. ബംഗാളി സിനിമകളിൽ കരിയർ ആരംഭിച്ച താരം ഇപ്പോൾ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

അതേസമയം കേസിൽ സുപ്രീം കോടതി ചൊവ്വാഴ്ച വാദം കേൾക്കും.

Content Highlights: Actress Mokksha's street performance gains social media attention