അതിന് കാരണം ദിലീപേട്ടനല്ല! എനിക്കാ കാലഘട്ടം അനുഭവിക്കണം എന്നുണ്ടായിരുന്നു-കാവ്യാമാധവന്‍

കാവ്യാ മാധവന്‍ | ഫയല്‍ചിത്രം | ഫോട്ടോ: വി.എസ്. ഷൈന്‍/മാതൃഭൂമി
കാവ്യാ മാധവന്‍ | ഫയല്‍ചിത്രം | ഫോട്ടോ: വി.എസ്. ഷൈന്‍/മാതൃഭൂമി

ഒരുകാലത്ത് മലയാളിയുടെ ജനപ്രിയ നായികയായി തിളങ്ങിയ താരമാണ് കാവ്യാമാധവന്‍. വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നത് എന്തിനാണെന്ന് തുറന്നു പറയുകയാണ് കാവ്യ ഇപ്പോള്‍. തന്നെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ദിലീപ് ആണെന്ന തരത്തിലുള്ള പൊതുധാരണ കാവ്യ തിരുത്തുന്നു. അത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്ന് കാവ്യ പറഞ്ഞു. ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് കാവ്യ ഇത് വ്യക്തമാക്കിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒരിക്കലും ദിലീപേട്ടനല്ല എന്നെ വീട്ടില്‍ നിര്‍ത്തിയത്. എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്ക് മോളെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് അനുഭവിക്കണം എന്നുണ്ടായിരുന്നു. അതിനുവേണ്ടിയാണ് ഇടവേള എടുത്തത്. കാവ്യ പറഞ്ഞു.

കാവ്യാമാധവന്റെ ഒരു ഫാന്‍സ് പേജിലാണ് ഈ വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടത്. ദിലീപ് കാവ്യയെയും വീട്ടിലിരുത്തി എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയാണിത്. ഒന്നും അറിയാതെ കമന്റ് ബോക്‌സില്‍ വന്ന് വന്ന് പലതും വിളിച്ച് പറയുന്നവരോട് ഒന്നേ പറയാനൊള്ളൂ, അത് അവളുടെ മാത്രം തീരുമാനമായിരുന്നു. അതിനെ ബഹുമാനിക്കുക. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങളും കാഴ്ചപ്പാടും ഉണ്ടാവും. ഒരു തിരിച്ചുവരവ് ഞങ്ങളും പ്രതീക്ഷിക്കുന്നുണ്ട്? കാവ്യ ഇവള്‍ക്കൊപ്പം എന്നും ഞങ്ങള്‍ ഉണ്ടാവും എന്നും കൂടി ഓര്‍മിപ്പിക്കുന്നു. എന്ന ക്യാപ്ഷനോടുകൂടിയാണ് വീഡിയോ പങ്കുവെക്കപ്പെട്ടത്.

2016 ലാണ് കാവ്യയും ദിലീപും തമ്മുള്ള വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജുവാര്യരും വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നു. വിവാഹമോചനശേഷമാണ് മഞ്ജുവാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'പിന്നെയും' എന്ന ചിത്രത്തിലാണ് കാവ്യ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. കാവ്യ തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചുള്ള കമന്റുകളും സജീവമാണ്.

Content Highlights: Actress Kavya Madhavan clarified in a viral social media video that her break from the film industry after her marriage to Dileep was entirely her personal decision to focus on raising her daughter,