അത്രയും കാലം ഗുഹയ്ക്കുള്ളിൽ എന്നപോലെ കഴിയുകയായിരുന്നു, ആ വേദി എനിക്ക് കരുത്തും ധൈര്യവും നൽകി -ഭാവന

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ(ഐഎഫ്എഫ്‌കെ) വേദിയിൽ എത്തിയത് തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്ന് നടി ഭാവന. ഐഎഫ്എഫ്‌കെയിലേക്ക് തന്നെ ക്ഷണിച്ചപ്പോൾ വേണ്ട എന്നാണ് ആദ്യം പറഞ്ഞത്. വലിയ ഉത്കണ്ഠയും പേടിയും കാരണം ഒരുപാട് പേരോട് അഭിപ്രായം ചോദിച്ചുവെന്നും എല്ലാവരും തന്നോട് ഐഎഫ്എഫ്‌കെ വേദിയിൽ പോകാനാണ് പറഞ്ഞതെന്നും ഭാവന കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിൽ ഭരദ്വാജ് രംഗനുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
'എനിക്ക് വലിയ ആത്മവിശ്വാസം നൽകിയ സംഭവമാണ് അത്. അതുവരെ ഞാനൊരു 'കൊക്കൂണി'നുള്ളിലെന്ന പോലെ സ്വയം സംരക്ഷിച്ചുപിടിച്ച് കഴിയുകയായിരുന്നു. അദൃശ്യമായ ചുമരിന് പിന്നിലെന്ന പോലെ. വളരെ അടുത്ത ആളുകളോട് മാത്രമേ സംസാരിച്ചിരുന്നുള്ളൂ. ഐഎഫ്എഫ്‌കെയിലേക്ക് എന്നെ ക്ഷണിച്ചപ്പോൾ ഇല്ലെന്നാണ് ഞാൻ ആവർത്തിച്ചു പറഞ്ഞത്. അക്കാര്യം ചിന്തിക്കുക പോലും ചെയ്യല്ലേ എന്ന് ഞാൻ അഭ്യർഥിച്ചു. എന്നാൽ ഞാൻ വരണമെന്ന് അവർ കടുംപിടിത്തം പിടിച്ചു. മുതിർന്ന സംവിധായകനാണ് എന്നെ വിളിക്കുന്നത് എന്നതിനാൽ എനിക്ക് അറുത്തുമുറിച്ച് വരില്ലെന്ന് പറയാനും കഴിയില്ലായിരുന്നു.' -ഭാവന പറഞ്ഞു.
Don’t Miss: ഐഎഫ്എഫ്കെ ഉദ്ഘാടനത്തിൽ താരമായി ഭാവന; ചിത്രങ്ങൾ കാണാം
'എങ്ങനെയാണ് ആ തീരുമാനമെടുത്തത് എന്ന് എനിക്കറിയില്ല. വലിയ ഉത്കണ്ഠയായിരുന്നു എനിക്ക്. ഞാനൊരായിരം പേരോട് ചോദിച്ചു, എന്ത് ചെയ്യണമെന്ന്. എല്ലാവരും പറഞ്ഞത് ഞാൻ പോകണമെന്നായിരുന്നു. നിങ്ങൾക്കത് പറയാനെളുപ്പമാണ്, പക്ഷേ എനിക്കതിന് കഴിയുമെന്ന് ഞാൻ കരുതുന്നില്ല എന്ന് ഞാൻ പറഞ്ഞു. എന്നാൽ അവരെല്ലാവരും എനിക്ക് ധൈര്യം പകർന്നു.'
'ഞാനെത്തുന്നത് വളരെ കുറച്ചുപേർക്കൊഴികെ മറ്റാർക്കും അറിയില്ലായിരുന്നു. അതൊരു രഹസ്യദൗത്യം പോലെയായിരുന്നു. സ്റ്റേജിന് പിന്നിൽ നിൽക്കുമ്പോൾ അവർ പെട്ടെന്ന് എന്നോട് പറഞ്ഞു, അടുത്ത അഞ്ച് മിനിറ്റിൽ എന്നെ സ്റ്റേജിലേക്ക് വിളിക്കും എന്ന്. ഞാൻ ബോധംകെട്ട് വീഴുമെന്ന് എനിക്ക് തോന്നി. എന്റെ ശരീരം വിറയ്ക്കുകയായിരുന്നു. ദേഹം മുഴുവൻ തണുത്ത് മരവിച്ചു. എനിക്കിത് ചെയ്യാൻ പറ്റില്ലെന്നാണ് തോന്നിയത്. ബീന ചേച്ചി (ബീനാ പോൾ) അവിടെയുണ്ടായിരുന്നു. ഒരുകുഴപ്പവുമില്ലെന്നും പേടിക്കേണ്ടെന്നും അവർ പറഞ്ഞു. പക്ഷേ അപ്പോഴും ജനങ്ങളുടെ ആരവം എനിക്ക് കേൾക്കാമായിരുന്നു.' -ഭാവന തുടർന്നു.
'എന്റെ പേര് അനൗൺസ് ചെയ്ത നിമിഷം എന്റെ മുന്നിൽ ശൂന്യത നിറഞ്ഞു. വേദിയിലേക്ക് പോകാൻ എന്നോട് ഞാൻ തന്നെ പറഞ്ഞു. ചില സിനിമകളിലെല്ലാം കാണുന്നത് പോലെ. വേദിയിലെത്തിയ ഉടൻ ഞാൻ 'ഒരു കുഴപ്പവുമില്ല' എന്ന മുഖാവരണം ധരിച്ചു. അത് സ്വാഭാവികമായി സംഭവിച്ചതാണ്. ഞാൻ ഓകെയാണെന്ന് എനിക്ക് തോന്നി. സദസ്സിനെ കൈവീശിക്കാണിച്ചു. വലിയ കൈയടി കേട്ട് ഞാൻ വികാരാധീനയായി. ആളുകൾ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് എന്നെ വരവേറ്റത്. ആ നിമിഷമാണ് ഞാൻ ഒറ്റയ്ക്കല്ല എന്ന് തിരിച്ചറിഞ്ഞത്. എനിക്കൊപ്പം പിന്തുണയുമായി ഒരുപാട് പേരുണ്ടെന്ന് മനസിലാക്കിയത്.'
'അത്രയും കാലം ഞാൻ ഗുഹയ്ക്കുള്ളിലെന്നപോലെ സ്വയം സംരക്ഷിച്ച് കഴിയുകയായിരുന്നു. ഒന്നും വായിക്കുകയോ സോഷ്യൽ മീഡിയ നോക്കുകയോ ചെയ്യാറില്ലായിരുന്നു. എന്നാൽ ഐഎഫ്എഫ്‌കെ വേദിയിലെത്തിയപ്പോൾ, അതെനിക്ക് വലിയ കരുത്തും ധൈര്യവും നൽകി. ആ അനുഭവം എനിക്ക് സമ്മാനിച്ചതിന് അവരോട് ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. ഏതാനും വാക്കുകൾ ആ വേദിയിൽ പറഞ്ഞശേഷം ഞാൻ സ്റ്റേജിന് പിന്നിലേക്ക് പോയി പൊട്ടിക്കരഞ്ഞു. എന്റെ ആദ്യ സംവിധായകൻ കമൽ സാർ എന്നെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു. മണിക്കൂറുകളോളമാണ് അന്ന് ഞാൻ കരഞ്ഞത്. എനിക്ക് ലഭിച്ച സ്‌നേഹവും കരുത്തുമെല്ലാം എന്നെ വികാരാധീനയാക്കി. അമ്മയേയും നവീനേയും ചില അടുത്ത സുഹൃത്തുക്കളേയുമെല്ലാം ഫോണിൽ വിളിച്ച് ഞാൻ കരഞ്ഞു. എനിക്ക് മേക്കപ്പ് ചെയ്തുതരുന്ന ജീന ചേച്ചി എന്നെ ചേർത്തുപിടിച്ച് എന്നെ ആശ്വസിപ്പിച്ചു.' -ഭാവന പറഞ്ഞുനിർത്തി.
Content Highlights: Actress Bhavana revealed that attending the IFFK stage gave her immense confidence and strength. Initially hesitant due to anxiety, she was encouraged by many to attend. The overwhelming support and standing ovation from the audience made her realize she wasn't alone in her long journey.