'പോരാട്ടം അവസാനം വരെ തുടരും, അപ്പോള്‍ ആറില്‍ ഒതുങ്ങില്ല'; അതിജീവിതയെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് സുഹൃത്തുക്കള്‍

#Movie Desk
ശിൽപാ ബാല, മൃദുലാ മുരളി | Photos: instagram
ശിൽപാ ബാല, മൃദുലാ മുരളി | Photos: instagram

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയുടെ വിധി വന്നതിന് പിന്നാലെ അതിജീവിതയെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് സുഹൃത്തുക്കള്‍. നടി മൃദുലാ മുരളി, നടിയും അവതാരകയുമായ ശില്‍പ ബാലയുമാണ് ഒപ്പം നിന്നവര്‍ക്ക് നന്ദിയറിയിച്ചത്. നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ഇരുവരും വ്യക്തമാക്കി. സാമൂഹികമാധ്യമ പോസ്റ്റുകളിലൂടെയാണ് ഇരുവരും പ്രതികരിച്ചത്.

'സത്യങ്ങള്‍ മറനീക്കാനുള്ള പോരാട്ടം ഇനിയും ഏറെ. അതിജീവനവും പോരാട്ടവും അവസാനം വരെ തുടരും. അപ്പോള്‍ ആറില്‍ ഒതുങ്ങില്ല എന്നും പൊങ്ങിപ്പാറിയ പൊടിപടലങ്ങള്‍ കണ്ണില്‍ നിന്നും എടുത്തുമാറ്റേണ്ടിവരുമെന്നും മനസിലാകും. ഒപ്പം നിന്നവര്‍ക്ക് നന്ദി.' -മൃദുലാ മുരളി പറഞ്ഞു.

'അറിയാന്‍ അവകാശമുള്ള കുറേ ചോദ്യങ്ങളുടെ ഉത്തരം ഇനിയും കിട്ടാന്‍ ബാക്കി നില്‍ക്കെ, അവള്‍ ജീവിക്കും. പോരാടും. നിങ്ങള്‍ തരുന്ന സ്‌നേഹത്തിനും.. ആത്മവിശ്വാസത്തിനും ഒരുപാട്.. ഒരുപാട് നന്ദി.' -ഇതാണ് ശില്‍പ ബാല കുറിച്ചത്.

മലയാള സിനിമ ഇന്ന് സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമായിട്ടുണ്ടെങ്കില്‍ അത് താന്‍ അനുഭവിച്ച വലിയ വേദനയ്ക്കും അപമാനത്തിനുമിടയിലും തലയുയര്‍ത്തി നിന്ന അതിജീവിത കാരണമാണെന്ന് സംവിധായിക ശ്രുതി ശരണ്യം പറഞ്ഞു. മാറ്റത്തിന്റേയും വിപ്ലവത്തിന്റേയും അചഞ്ചലമായ ദീപശിഖയേന്തിയയാളെന്ന നിലയില്‍ അവള്‍ ഓര്‍മിക്കപ്പെടും. അവള്‍ കാരണമാണ് നമ്മള്‍ ഇന്ന് നമ്മളായിരിക്കുന്നത്. അവളുടെ പൈതൃകത്തിന്റെ ജീവിക്കുന്ന തുടര്‍ച്ചകള്‍ മാത്രമാണ് നമ്മളെന്നും ശ്രുതി ശരണ്യം കൂട്ടിച്ചേര്‍ത്തു.

Content Highlights: 'The Fight Will Continue Till the End': Actress Attack Case Survivor's Friends, Mridula Murali and Shilpa Bala, Thank Supporters