അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന മാർട്ടിൻ ആന്റണിയുടെ വീഡിയോ; പ്രചരിപ്പിക്കുന്നവർക്കെതിരേ കേസെടുക്കും

#ബിനില്‍ | മാതൃഭൂമി ന്യൂസ്
മാര്‍ട്ടിൻ ആന്റണി | Photo: PTI
മാര്‍ട്ടിൻ ആന്റണി | Photo: PTI

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ പോലീസ് നടപടിക്ക്. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് നീക്കം.

മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ പുറത്തിറക്കിയ വീഡിയോയാണ് കേസിലെ വിധിക്കുശേഷം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോടതി തള്ളിയ വാദങ്ങളാണ് വീഡിയോയിലുള്ളത്. ഇതിന് പുറമേ, അതിജീവിതയുടെ പേരടക്കം വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്.

കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന് സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. പിന്നാലെ, കേസിന്റെ വിചാരണസമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് വീണ്ടും പ്രചരിക്കുന്നത്. അതിജീവിതയുടെ പേരടക്കം പരാമര്‍ശിച്ച് മറ്റൊരു ഗൂഢാലോചനാവാദമാണ് മാര്‍ട്ടിന്‍ വീഡിയോയില്‍ മുന്നോട്ടുവെക്കുന്നത്.

മാര്‍ട്ടിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷം കഠിനതടവിന് വിധിച്ചിരുന്നു. പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും പ്രചരിക്കുന്നത്. പല പ്രമുഖരടക്കം വീഡിയോ പ്രചരിപ്പിക്കുന്നതായി പോലീസ് കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കും കടക്കാന്‍ സാധ്യതയുണ്ട്.

Content Highlights: Actress Assault Case: Police to File Cases Against Those Spreading Martin Antony's Victim-Naming Video