നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും ഹൈക്കോടതി വിളിച്ചുവരുത്തും. ഇതുരണ്ടും കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച സംഭവത്തിലെ തെളിവായ മെമ്മറി കാർഡ് ചോർന്നതുമായി ബന്ധപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹർജിയിൽ മറുപടി നൽകാൻ പ്രോസിക്യൂഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കൂടാതെ, ഒരുമാസത്തിനകം കേസിലെ പ്രധാന തെളിവുകളായ മെമ്മറി കാർഡും പെൻഡ്രൈവും സീൽ വെച്ച കവറിൽ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.
വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് മൂന്ന് തവണ തുറന്ന് പരിശോധിക്കപ്പെട്ടതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. ഈ ഹാഷ് വാല്യൂ മാറ്റത്തെക്കുറിച്ച് വിചാരണക്കോടതി നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും അതിനാൽ ഒരു പ്രത്യേക സംഘത്തെക്കൊണ്ട് പുനരന്വേഷണം നടത്തണമെന്നുമാണ് അതിജീവിതയുടെ പ്രധാന ആവശ്യം. മെമ്മറി കാർഡ് കോപ്പി ചെയ്ത പെൻഡ്രൈവ് ഉൾപ്പെടെ ലാബിലയച്ച് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അവർ ഹർജിയിലൂടെ ആവശ്യപ്പെടുന്നു.
അതിജീവിതയുടെ നിർണായക ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാർ തുടർച്ചയായി പിന്മാറിയിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനാണ് ആദ്യം പിന്മാറിയത്. തൊട്ടുപിന്നാലെ ഹർജി പരിഗണിക്കാനാവില്ലെന്നറിയിച്ച് ജസ്റ്റിസ് കൗസർ ഇടപ്പകത്തും കേസിൽ നിന്ന് ഒഴിഞ്ഞു. മുൻപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരുന്ന കൗസർ ഇടപ്പകത്തിന്റെ കോടതിയിലെ ജീവനക്കാർക്കെതിരെ മെമ്മറി കാർഡ് പരിശോധനയുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ പുറത്തുവന്നതാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: The Kerala High Court has accepted the survivor's petition regarding the unauthorized access of the crucial memory card evidence in the actress assault case and directed the trial court to produce the memory card and pen drive in a sealed cover within a month.