ഹൈക്കോടതിയെ സമീപിച്ച് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത; ‘ഹാഷ്‌വാല്യു മാറിയത് ഗൗരവതരം’

#ബിനില്‍, മാതൃഭൂമിന്യൂസ്
കേരള ഹൈക്കോടതി | Photo - PTI
കേരള ഹൈക്കോടതി | Photo - PTI

കൊച്ചി: നിയമ പോരാട്ടം അവസാനിപ്പിക്കാൻ തയ്യാറാകാതെ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ ഹാഷ്‌വാല്യു മാറിയതിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും ശരിയായ രീതിയിലുള്ള അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം. മെമ്മറി കാർഡ് കോപ്പി ചെയ്ത പെൻഡ്രൈവടക്കം ലാബിലയച്ച് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെടുന്നു.

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട് സുപ്രധാനമാണെന്ന് ചൂണ്ടിക്കാട്ടിയ അതിജീവിത അവ ഒരു കാരണവശാലും പുറത്തുപോകരുതെന്നും നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. ഹാഷ്‌വാല്യു മാറിയ സംഭവത്തിൽ വിചാരണക്കോടതി അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ആ റിപ്പോർട്ട് തൃപ്തികരമല്ല എന്നാണ് അതിജീവിത പറയുന്നത്.

കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ്‌വാല്യു വാല്യു എങ്ങനെ മാറി? നിയമവിരുദ്ധമായി ആരോ മെമ്മറി കാർഡ് പരിശോധിച്ചിരിക്കുന്നു. ശാസ്ത്രീയ പരിശോധനയിൽ അത് വ്യക്തമായതാണ്. അതിനാൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം വേണം. വിദഗ്ധ പരിശോധന വീണ്ടും നടത്തണമെന്നും അതിജീവിത ഹർജിയിൽ ആവശ്യപ്പെടുന്നു.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയകാര്യം വിചാരണയ്ക്കിടെയാണ് വ്യക്തമാകുന്നത്. അന്വേഷണ സംഘമടക്കം ഇക്കാര്യം അറിഞ്ഞിരുന്നില്ല. പിന്നാലെ വിചാരണക്കോടതി നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നാണ് അതിജീവിത ഹർജിയിൽ ആരോപിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകരെയടക്കം ഹാജരാക്കി നിയമപോരാട്ടം നടത്താനാണ് അതിജീവിത ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

Content Highlights: Survivor challenges the trial court's investigation report on hash value alteration., Demand for forensic examination of the pen drive used to copy memory card data., Emphasis on privacy rights and protection of critical evidence., Legal battle escalation with Supreme Court lawyers involved.