വിവാഹമോചനം വേണ്ടെന്ന് സംഗീത; വിജയ്ക്കെതിരായ ഹർജി പിൻവലിക്കും

#മൂവി ഡെസ്ക്
വിജയ്‌യും സംഗീതയും | ഫോട്ടോ: x
വിജയ്‌യും സംഗീതയും | ഫോട്ടോ: x

ടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്ക്കെതിരായ വിവാഹമോചന ഹർജി പിൻവലിക്കാൻ നിശ്ചയിച്ച് ഭാര്യ സംഗീത സ്വർണലിംഗം. വിവാഹമോചനം വേണ്ടെന്ന് ചെങ്കൽപേട്ട് കോടതിയിൽ അവർ അറിയിച്ചു. തമിഴ് ചലച്ചിത്ര ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനക്കേസ് നൽകിയത്. 27 വർഷം നീണ്ടുനിന്ന ദാമ്പത്യം അവസാനിപ്പിക്കാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത കോടതിയെ സമീപിച്ചത്. വിജയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നുൾപ്പെടെ സംഗീത ഹർജിയിൽ ആരോപിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് കേസ് ചെങ്കൽപേട്ട് കുടുംബ കോടതിക്കു മുൻപാകെ എത്തിയത്. അടുത്ത തീയതി നിശ്ചയിക്കാതെ കോടതി തുടർനടപടികൾ മാറ്റിവെച്ചു. വിജയ് കോടതിയിൽ ഹാജരായില്ല. അതേസമയം, ലണ്ടനിൽനിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി സംഗീത ഹിയറിംഗിൽ പങ്കെടുത്തു. നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കുന്നതിനാലാണ് വിജയ് എത്താതിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇരുകക്ഷികളുടെയും വാദങ്ങൾ രേഖപ്പെടുത്തിയ ശേഷം, കുടുംബ കോടതി അടുത്ത ഹിയറിംഗ് തീയതി നിർദ്ദേശിക്കാതെ കേസ് മാറ്റിവെച്ചിരിക്കുകയാണ്.

2021-ൽ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കമെന്ന് വിവാഹമോചന ഹർജിയിൽ സംഗീത ആരോപിച്ചിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നെങ്കിലും, യാതൊരു കുറ്റബോധവുമില്ലാതെ അദ്ദേഹം അത് തുടർന്നുവെന്നാണ് ഹർജിയിലെ വാദം. തന്റെ വിവാഹബന്ധം ഇപ്പോൾ പേപ്പറിൽ മാത്രമാണ് നിലനിൽക്കുന്നതെന്നും ഇനിയൊരു ഒത്തുതീർപ്പിന് സാധ്യതയില്ലെന്നും അവർ കോടതിയെ നേരത്തേ അറിയിച്ചു.

വിജയ് തന്നെ തന്റെ സാമൂഹികവും ഔദ്യോഗികവുമായ സർക്കിളുകളിൽനിന്ന് ഒഴിവാക്കിയതായി സംഗീത ആരോപിച്ചു. അതേസമയം, ആ നടിയോടൊപ്പം അദ്ദേഹം വിദേശയാത്രകൾ നടത്തുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത്തരം പരിപാടികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തനിക്കും മക്കളായ ജേസൺ സഞ്ജയ്ക്കും ദിവ്യ സാഷയ്ക്കും വലിയ അപമാനവും മാനസികവിഷമവും ഉണ്ടാക്കിയെന്നും സംഗീത ഹർജിയിൽ പറഞ്ഞു.

തനിക്ക് മുൻപ് ലഭിച്ചിരുന്ന സൗകര്യങ്ങൾ വിജയ് പിൻവലിക്കുകയും സാമ്പത്തികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതായി സംഗീത പരാതിപ്പെട്ടു. തന്റെ സഞ്ചാരസ്വാതന്ത്ര്യം പോലും നിയന്ത്രിക്കപ്പെട്ടതായും അവർ ആരോപിക്കുന്നു. ഈ സംഭവങ്ങളും സോഷ്യൽ മീഡിയയിലെ വിവാദങ്ങളും കടുത്ത മാനസിക ആഘാതമാണ് നൽകിയതെന്നും സംഗീത വ്യക്തമാക്കിയിരുന്നു.

ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖർ ഇടപെട്ടതായി നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. അമ്മയുടെയും മുതിർന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടർന്ന്, ലണ്ടനിലുള്ള സംഗീത ചെന്നൈയിലെ നീലാംകരെ ഇല്ലത്തേക്ക് മടങ്ങിയെത്തിയെന്നും ഇരുവരും ഇപ്പോൾ ഒരേ വീട്ടിൽ ഒരുമിച്ച് കഴിയുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

Content Highlights: Sangeetha Sornalingam has decided to withdraw her divorce petition filed against actor and Tamil Nadu Chief Minister Vijay after senior family members mediated a successful reconciliation between the couple.