ഈ വിലക്കയറ്റം എന്നെയും ബാധിക്കും, തക്കാളി ഇപ്പോൾ കുറച്ചേ കഴിക്കാറുള്ളൂ -സുനിൽ ഷെട്ടി

സുനിൽ ഷെട്ടി | ഫോട്ടോ: എ.എഫ്.പി
സുനിൽ ഷെട്ടി | ഫോട്ടോ: എ.എഫ്.പി

പച്ചക്കറിവില പ്രത്യേകിച്ച് തക്കാളിയുടെ വില റോക്കറ്റുപോലെയാണ് കുതിച്ചുയരുന്നത്. തക്കാളി വൻതോതിൽ മോഷ്ടിക്കപ്പെടുന്നതുമുതൽ മോഷണം തടയാൻ കാവൽ നിർത്തുകയും തക്കാളി കർഷകനെ കൊലപ്പെടുത്തിയ സംഭവം വരെ വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. സാധാരണക്കാർക്കുപുറമേ പ്രമുഖരും തക്കാളിവിലയിൽ ബുദ്ധിമുട്ടിലായിരിക്കുന്നു എന്നാണ് ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ പ്രതികരണം വ്യക്തമാക്കുന്നത്.

ആജ് തക്കിന് നൽകിയ അഭിമുഖത്തിലാണ് വിലക്കയറ്റത്തേക്കുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞത്. സൂപ്പർസ്റ്റാറായതുകൊണ്ട് വിലക്കയറ്റമൊന്നും തന്നെ ബാധിക്കില്ലെന്നാണ് പുറമേ നിന്നുള്ളവർ വിചാരിക്കുന്നതെന്ന് സുനിൽ ഷെട്ടി പറഞ്ഞു. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പച്ചക്കറികളാണ് ഭാര്യ മന വാങ്ങാറുള്ളത്. ഫ്രഷ് പച്ചക്കറികൾ കഴിക്കുന്നതിലാണ് താത്പര്യം. തക്കാളിയുടെ വിലക്കയറ്റം തന്റെ അടുക്കളയേയും ബാധിച്ചിട്ടുണ്ട്. അടുത്തകാലത്തായി വളരെ കുറച്ച് തക്കാളി മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

രുചിയിലും ​ഗുണമേന്മയിലും എത്രമാത്രം വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് സുനിൽ ഷെട്ടി ചൂണ്ടിക്കാട്ടി. ആപ്പുകളിൽ വസ്തുക്കളുടെ വിലനിലവാരം കണ്ടാൽ ഞെട്ടിപ്പോകും. കടകളിൽ കിട്ടുന്നതിനേക്കാൾ എത്രയോ കുറവാണത്. ഞാൻ ആപ്പുകളുപയോ​ഗിച്ചാണ് അടുക്കളയിലേക്കുള്ള സാധനങ്ങൾ വാങ്ങാറ്. വില കുറവാണെന്നതുകൊണ്ടല്ല, ഫ്രഷാണ് എന്നതിനാലാണ്. റെസ്റ്റോറന്റ് വ്യവസായി കൂടിയായതിനാൽ എപ്പോഴും വിലപേശാറുമുണ്ട്. പക്ഷേ തക്കാളി വില കുതിച്ചുയരുന്നതിനാൽ എല്ലാവരേയും എന്നപോലെ എനിക്കും രുചിയിലും ​ഗുണമേന്മയിലും വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.

നടൻ എന്നതിലുപരി റെസ്റ്റോറന്റ് വ്യവസായി കൂടിയാണ് സുനിൽ ഷെട്ടി. അടുത്തിടെ ഹണ്ടർ ടൂട്ടേ​ഗാ നഹി തോഡേ​ഗാ എന്ന സീരീസിലൂടെ വെബ് സീരീസ് മേഖലയിലേക്കും താരം കടന്നിരുന്നു. ഇഷാ ഡിയോൾ, ബർഖാ ബിഷ്ട്, കരൺവീർ ശർമ, രാഹുൽ ദേവ് എന്നിവരായിരുന്നു സീരീസിലെ മറ്റ് അഭിനേതാക്കൾ.

Content Highlights: actor suniel shetty about tomato price hike, tomatoes price in market