കാറില്‍ പിന്തുടര്‍ന്ന് നഗ്നതാ പ്രദര്‍ശനം, രണ്ടാമതും ആവര്‍ത്തിച്ചപ്പോള്‍ പരാതി; കുട്ടികളുടെ കുടുംബം

ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്ത സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍
ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്ത സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍

തൃശ്ശൂര്‍: നടന്‍ ശ്രീജിത്ത് രവി നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ പ്രതികരണവുമായി കുട്ടികളുടെ കുടുംബം. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും പിറ്റേ ദിവസവും അതേ കുറ്റം ആവര്‍ത്തിച്ചപ്പോഴാണ് പരാതി നല്‍കിയതെന്ന് കുടുംബം പറയുന്നു.

കാറില്‍ പിന്തുടര്‍ന്ന് എത്തിയാണ് ഇയാള്‍ ഇങ്ങനെ ചെയ്തത്. ഈ വിവരം കുട്ടികള്‍ കുടുംബാംഗങ്ങളോട് തുറന്ന് പറയുകയായിരുന്നു. പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് ആണ് നടനെ ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.  രണ്ട് ദിവസം മുന്‍പ് നടന്ന സംഭവത്തിലാണ് പോലീസ് നടപടി. തൃശ്ശൂര്‍ എസ്.എന്‍ പാര്‍ക്കില്‍ നടന്ന സംഭവത്തിലാണ് അറസ്റ്റ്. 

പാര്‍ക്കിന് സമീപത്ത് കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഇയാള്‍. പതിനൊന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍ക്ക് അരികിലൂടെ കടന്നുപോകവേ നഗ്‌നതാ പ്രദര്‍ശനം നടത്തി ഇയാള്‍ ഇവിടെ നിന്ന് പോകുകയായിരുന്നു.കുട്ടികള്‍ വിവരം രക്ഷിതാക്കളോട് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് പോലീസില്‍ പരാതി നല്‍കി. ഇയാളെ കണ്ട് പരിചയമുണ്ടെന്നാണ് കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. കറുത്ത കാറിലാണ് വന്നതെന്നും കുട്ടികള്‍ വ്യക്തമാക്കി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കാറിനെ പിന്തുടര്‍ന്നപ്പോഴാണ് ശ്രീജിത്ത് രവിയിലേക്ക് അന്വേഷണം എത്തിയത്. കുട്ടികള്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചതായാണ് വിവരം. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. പ്രാഥമികമായി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. കുട്ടികളുടെ മൊഴി തന്നെയാണ് ഏറ്റവും വലിയ തെളിവ്. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും എന്നാണ് പോലീസ് പറയുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് വെച്ചും സമാനമായ കേസില്‍ ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. അന്ന് തന്നെ തെറ്റിദ്ധരിക്കുകയും കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നുമാണ് നടന്‍ പറഞ്ഞിരുന്നത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതുമാണെന്നായിരുന്നു ആരോപണം.
 

Content Highlights: actor sreejith ravi arrest, pocso case, Thrissur west hill police arrest